ഭോപ്പാല്‍ : മാളുകളും ജ്വല്ലറികളും സന്ദര്‍ശിക്കുന്നവര്‍ 30 സെക്കന്‍ഡ് നേരത്തേക്ക് ഫേസ് മാസ്‌ക് മാറ്റണമെന്ന നിയമവുമായി മധ്യപ്രദേശ് സര്‍ക്കാര്‍. കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് രണ്ട് മാസത്തോളമായി രാജ്യത്ത് നിലനില്‍ക്കുന്ന ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാണ്. എന്നാല്‍ സന്ദര്‍ശകരെ തിരിച്ചറിയാനും സി സി ടി വി ക്യാമറകളിലൂടെ ഫോട്ടോ എടുക്കാനും വേണ്ടിയാണ് ഇങ്ങനെ നിര്‍ദ്ദേശം നല്‍കിയതെന്ന് സംസ്ഥാനത്തെ പോലീസ് പറയുന്നു.
കടകളോ ബാങ്കുകളോ കൊള്ളയടിച്ച ശേഷം ഓടിപ്പോകുന്ന കള്ളന്മാരുള്ള ഇത്തരം സ്ഥലങ്ങളില്‍ സുരക്ഷ ശക്തമാക്കാനാണ് നീക്കമെന്നും മാസ്‌ക് ധരിക്കുന്നത് ഇത്തരക്കാര്‍ക്ക് രക്ഷയായി മാറുമെന്ന് തോന്നിയതിനാലാണ് ഇങ്ങനെയൊരു തീരുമാനമെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ കൈലാഷ് മക്വാനയുടെ ഉത്തരവില്‍ പറയുന്നു. ഇത്തരം സ്ഥലങ്ങളിലെ ക്യാമറകള്‍ നിലവാരമുള്ളതാണോ എന്ന് പരിശോധിക്കാന്‍ എല്ലാ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. രാജ്യത്ത് മഹാമാരി ഏറ്റവും കൂടുതല്‍ ബാധിച്ച ഏഴ് സ്ഥലങ്ങളില്‍ ഒന്നാണ് മധ്യപ്രദേശ്. ഇതു വരെയായി 10,000ത്തോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനത്ത് 40 പേര്‍ മരിച്ചിട്ടുണ്ട്.