ചെങ്ങന്നൂർ : എം.സി. റോഡിന്റെ ചെങ്ങന്നൂർ മുതൽ കോട്ടയംവരെയുള്ള നവീകരണപദ്ധതിയുടെ ഭാഗമായി 34 ജംഗ്ഷനുകള്‍ വികസിപ്പിക്കും. ചെറുതും വലുതുമായ ജംഗ്ഷനുകളെയാണ് നവീകരിക്കുന്നത്. നടപ്പാതകൾ, മലിനജലം ഒഴുകിപ്പോകാനുള്ള ഓടകളുടെ നിർമാണം, സൂചനാ ബോർഡുകൾ, ബസ്ബേ, വിശ്രമകേന്ദ്രങ്ങൾ, സിഗ്നൽ ലൈറ്റുകൾ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി വരുന്നത്. 32 കിലോമീറ്റർ വരുന്ന റോഡിന്റെ നവീകരണപദ്ധതി 39 കോടി രൂപ ചെലവഴിച്ചാണ് നടപ്പാക്കുന്നത്. പദ്ധതിക്ക് കരാറുമായി. കൊല്ലം-തേനി ദേശീയപാതയുടെ ഭാഗമായി എം.സി. റോഡിലെ ചെങ്ങന്നൂർ ആഞ്ഞിലിമൂടുമുതൽ കോട്ടയം ഐഡ ജംഗ്ഷന്‍ വരെയുള്ള ഭാഗമാണ് ദേശീയപാതാ അതോറിറ്റി രണ്ടുവർഷംമുൻപ് ഏറ്റെടുത്തത്.
കൊല്ലംമുതൽ ആഞ്ഞിലിമൂടുവരെ റോഡ് വീതികൂട്ടിയാണ് നവീകരിക്കുന്നത്. ആഞ്ഞിലിമൂട് കഴിഞ്ഞ് വെള്ളാവൂർ വരെയുള്ള മൂന്നു കിലോമീറ്റർ എം.സി. റോഡായിത്തന്നെ തുടർന്നശേഷമാണ് ദേശീയപാതയുടെ ഭാഗമായി മാറുന്നത്. ഇവിടെനിന്ന് കോട്ടയംവരെ വീതികൂട്ടാതെയുള്ള നവീകരണമാണു നടക്കുന്നത്. ഇതോടൊപ്പം കൊല്ലം-തേനി പാതയുടെ ചെങ്ങന്നൂർ ആഞ്ഞിലിമൂട് വരെയുള്ള ഭാഗം നാലുവരിയായി വികസിപ്പിക്കാനും ദേശീയപാതാ അതോറിറ്റിക്ക് പദ്ധതിയുണ്ട്. ഇതിനായി 22 ഹെക്ടർ സ്ഥലം ഏറ്റെടുക്കേണ്ടി വരും. എം.സി. റോഡിലെ ജംഗ്ഷനുകളുടെ വികസനം ഏറെക്കാലമായിട്ടുള്ള ആവശ്യമാണ്. ബൈ റോഡുകൾ വന്നുചേരുന്ന ജംഗ്ഷനുകളില്‍ ഗതാഗതത്തിരക്കുമൂലം വാഹനങ്ങൾ തിരിയുമ്പോൾ അപകടമുണ്ടാകാറുണ്ട്. ചില ജംഗ്ഷനുകളില്‍ സിഗ്നൽ ലൈറ്റുകളുമില്ല. ദീർഘനാളായുള്ള ആവശ്യത്തെത്തുടർന്നാണ് കല്ലിശ്ശേരി ജംഗ്ഷനില്‍ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചത്. അതേസമയം തിരുവൻവണ്ടൂർ-ഇരമല്ലിക്കര റോഡും തൈമറവുംകരയ്ക്കുള്ള റോഡും വന്നു ചേരുന്നതിനാൽ പ്രാവിൻകൂട് ജംഗ്ഷനില്‍ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്.