ചെന്നൈ : രണ്ട് തവണ നീറ്റ് പരീക്ഷ എഴുതിയിരുന്ന വിദ്യാര്‍ത്ഥി പരീക്ഷാസമ്മര്‍ദം മൂലം ആത്മഹത്യ ചെയ്തു. നീറ്റ് പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിച്ചേക്കുമോ എന്ന ആശങ്കയിലാണ് തമിഴ്നാട്ടിലെ അരിയാലൂര്‍ സ്വദേശിയായ വിഘ്നേശ് ആത്മഹത്യ ചെയ്തത്.
വിദ്യാര്‍ത്ഥിയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് പറയുന്നു. രണ്ട് വര്‍ഷം മുന്‍പ് നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ട വിഷമത്തിന് മറ്റൊരു പെണ്‍കുട്ടിയും ഇതേ ജില്ലയില്‍ ആത്മഹത്യ ചെയ്തിരുന്നു. മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന് അനിത എന്ന കൗമാരക്കാരിയാണ് അന്ന് ആത്മഹത്യ ചെയ്തത്. സംഭവം അന്ന് തമിഴ്നാട്ടില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷമായി നീറ്റ് പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുക്കുന്ന വിഘ്നേശ് പത്തിലും പ്ലസ്ടുവിലും ഉയര്‍ന്ന മാര്‍ക്ക് നേടി പാസായ ആളാണ്. ഈ ഞായറാഴ്ച ദേശീയവ്യാപകമായി നീറ്റ് പരീക്ഷ നടത്താനാരിക്കേയാണ് വിഘ്നേശിന്റെ ആത്മഹത്യ. പുലര്‍ച്ചെ എഴുന്നേറ്റ് പഠിക്കാന്‍ ഇരിക്കുന്ന മകനെ മുറിയില്‍ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ വീട്ടിലെ കിണറ്റില്‍ നിന്നും മൃതദേഹം കണ്ടെത്തിയെന്നാണ് വിഘ്നേശിന്റെ പിതാവ് പറയുന്നത്. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.