കൊല്ലം: അഞ്ചലിൽ മുഖംമൂടി സംഘം പട്ടാപ്പകൽ വീട്ടിൽ നിന്ന് 35 ലക്ഷം രൂപ കവർന്നു. അഞ്ചൽ കൈപ്പള്ളി സ്വദേശി നസീറിന്‍റെ വീട്ടിലാണ് കവർച്ച നടന്നത്. നസീറിന്‍റെ മകനെ കെട്ടിയിട്ട് മുറിയിലാകെ മുളകുപൊടി വിതറിയ ശേഷമായിരുന്നു കവർച്ച. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് അഞ്ചലിൽ യുവാവിനെ കെട്ടിയിട്ട ശേഷം കവർച്ച നടത്തിയത്. അഞ്ചലിൽ നസീറിന്റെ പേരിലുള്ള വ്യാപാര സ്ഥാപനം മറ്റൊരാൾക്ക് വിറ്റിരുന്നു. ഇതിന്റെ അഡ്വാൻസ് ആയി ലഭിച്ച 35 ലക്ഷമാണ് മോഷണം പോയത്.
വീട്ടിൽ പണം സൂക്ഷിച്ചിട്ടുണ്ട് എന്ന് അറിയാവുന്നവർ ആണ് കവർച്ച നടത്തിയത് എന്നാണ് പോലീസിന്റെ സംശയം. മുഖംമൂടി ധരിച്ച് എത്തിയ നാലംഗ സംഘം നസീറിന്‍റെ മകൻ സിബിൻഷായെ കെട്ടിയിട്ടു. ചില്ലുകുപ്പി ഉപയോഗിച്ച് തലക്കടിച്ച ശേഷം മുറിയിലാകെ മുളകുപൊടി വിതറിയാണ് മോഷണം നടത്തിയത്. പട്ടാപ്പകൽ നടന്ന മോഷണത്തിന്റെ ഞെട്ടലിലാണ് വീട്ടുകാർ. പുനലൂർ ഡിവൈഎസ്പി വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തി. വീട്ടുകാരുടെ മൊഴി പൊലീസ് സംഘം വിശദമായി രേഖപ്പെടുത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.