പാലക്കാട് : പ്രധാന ട്രെയിനുകളുടെ അടക്കം സർവീസ് ഒന്നിച്ചു റദ്ദാക്കുകയാണ് റെയിൽവേ. ജീവനക്കാർക്ക് കൂട്ടത്തോടെ കോവിഡ് ബാധിച്ചതാണ് പ്രധാന കാരണം. അടിസ്ഥാന വകുപ്പുകളിൽ രോഗം കൂടിയതോടെ ജീവനക്കാരുടെ കുറവ് കാര്യമായി ബാധിച്ചു. ട്രെയിൻ സർവീസുകൾ റദ്ദാക്കുകയല്ലാതെ വേറൊരു വഴിയും റെയില്‍വേയുടെ മുന്നിലില്ല.
മുൻഗണന മേഖലയിലുളള ജീവനക്കാർക്കു വാക്സീൻ നൽകുന്നതിൽ സംസ്ഥാനത്ത് അവഗണനയുളളതായി പരാതിയുണ്ട്. ദക്ഷിണ റെയിൽവേയിലെ ലോക്കോ പൈലറ്റുമാരിൽ 30% പേരും ടിക്കറ്റു പരിശോധകരിൽ 38% പേരും കോവിഡ് രോഗികളായി എന്നാണു അനൗദ്യോഗിക റിപ്പോർട്ട്. ഇവരിൽ നല്ലൊരു ഭാഗത്തിനും ഗുരുതരാവസ്ഥയുണ്ടായതിനാൽ നെഗറ്റീവായിട്ടും പലരും നീണ്ട അവധിയിലാണ്. രോഗതീവ്രത വർധിച്ചതിനെ തുടർന്ന് യാത്രക്കാർ വലിയ തോതിൽ കുറഞ്ഞെങ്കിലും ജനങ്ങളിൽ ആത്മവിശ്വാസം നിലനിർത്താൻ സർവീസുകൾ തുടരാനായിരുന്നു റെയിൽവേ ബോർഡിന്റെ തീരുമാനം. എന്നാൽ ജീവനക്കാരുടെ കടുത്ത ക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയതോടെ സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കേണ്ടി വന്നു.
രാജ്യത്തെ റെയിൽവേ ജീവനക്കാരിൽ ഇന്നലെ വരെ 1,31,000 പേർക്ക് കോവിഡ് രോഗം ബാധിച്ചു. ഉയർന്ന ഉദ്യോഗസ്ഥരുൾപ്പെടെ 3,400 പേർ മരിച്ചു. ദക്ഷിണ റെയിൽവേയിൽ മാത്രം 92,000 പേരാണ് പോസിറ്റീവായത്.ഇതില്‍ 350 പേർ മരിച്ചു. പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിൽ 74 ലോക്കോ പൈലറ്റുമാരുമാണ് രോഗികളായത്. അതോടെ പകരം ഡ്യൂട്ടിക്ക് ആളില്ലാത്ത സാഹചര്യം വന്നതോടെ ചില ട്രെയിനുകൾ നേരത്തെ റദ്ദാക്കിയിരുന്നു.
സർവീസിന് അനിവാര്യമായ സാങ്കേതിക ജീവനക്കാരിൽ പലരും ചികിത്സയിലാണ്. സ്റ്റേഷൻ മാസ്റ്റർമാർ, ഗാർഡ്സ് എന്നിവരിൽ പലരും ക്വാറന്റീനിലായതോടെ ചില സ്റ്റേഷനുകളുടെ നടത്തിപ്പു പോലും പ്രതിസന്ധിയിലാണ്. ദിവസവും പൊതുജന സമ്പർക്കമുളളവരാണ് ജീവനക്കാരിൽ പലരും. റെയിൽവേ ജീവനക്കാർക്ക് വാക്സീൻ നൽകുന്നത് ആരോഗ്യവകുപ്പ് മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയില്ലെന്നു ഉയർന്ന ഉദ്യോഗസ്ഥർ അടക്കം കുറ്റപ്പെടുത്തുന്നു.
ആദ്യ ഡോസ് ഇതുവരെ ശരാശരി 39 % പേർക്കും സെക്കൻഡ് ഡോസ് 10 % പേർക്കുമാണ് കിട്ടിയത്. വാക്സീന് മുൻഗണയുളള കാര്യം അതതു കളക്ടർമാർ, ആരോഗ്യവകുപ്പ് സെക്രട്ടറി എന്നിവരുടെ ശ്രദ്ധയിൽ പലപ്പോഴായി കൊണ്ടുവന്നെങ്കിലും തുടർ നടപടിയുണ്ടായില്ല. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ചു നടന്ന ചർച്ചകൊണ്ടും ഫലമുണ്ടായില്ല. നടപടിയില്ലാതായതോടെ ജീവനക്കാർ കൂടുതൽ പോസിറ്റീവായാൽ ട്രെയിൻ സർവീസുകൾ നിർത്തേണ്ടി വരുമെന്നുവരെ ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ചതായി റെയിൽവേ ഉന്നത ഉദ്യോഗസ്ഥർ അനൗദ്യോഗികമായി പറഞ്ഞു.
ആരോഗ്യവകുപ്പിലെ മുഴുവൻ ജീവനക്കാരും കോവിഡിനെതിരെ പോരാട്ടത്തിലാണെന്ന കാര്യം മറക്കുന്നില്ലെന്ന് റെയിൽവ ജീവനക്കാർ പറയുന്നു. എന്നാൽ പ്രധാന മേഖലയിലുള്ള റെയിൽവേ ജീവനക്കാർക്കും ശ്രദ്ധ കൊടുക്കേണ്ടിയിരുന്നുവന്ന് അവർ അഭിപ്രായപ്പെടുന്നു. റെയിൽവേയ്ക്ക് സ്വന്തമായി ആശുപത്രിയും അനുബന്ധ സൗകര്യങ്ങളും ഉള്ളതിനാൽ വാക്സീൻ എത്തിച്ചു നൽകിയാൽ മതി. ആദ്യഘട്ടത്തിൽ ഇവിടങ്ങളിൽ 100 പേർക്കുള്ള വാക്സിനെത്തിയെങ്കിലും പിന്നീട് അതും ഉണ്ടായില്ല. തമിഴ്നാട്, ആന്ധ്ര ഉൾപ്പെടെയുളള സംസ്ഥാനങ്ങളിൽ റെയിൽവേ ജീവനക്കാരിൽ ഭൂരിഭാഗത്തിനും മുൻഗണനാക്രമത്തിൽ വാക്സീൻ ലഭിച്ചതായും ജീവനക്കാർ ചൂണ്ടിക്കാണിക്കുന്നു.