കാലടി : ഗോവയില്‍ നിന്ന് എക്സൈസ് ഗോഡൗണിലേക്ക് കൊണ്ടുപോവുകയായിരുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം മറിച്ചുവിറ്റ കേസില്‍ മൂന്നുപേരെ കാലടി പോലീസ് അറസ്റ്റ് ചെയ്തു. ആലത്തൂര്‍ ചിറക്കോട് പാറയ്ക്കല്‍ വീട്ടില്‍ അബ്ദുള്‍ റഫീക്ക് (31), പൊന്നാന്നി മന്നംമുക്ക് മുട്ടിപ്പാലത്തിങ്കല്‍ വീട്ടില്‍ അഫ്‌സല്‍ (32) കൂടാലപ്പാട് തെക്കേമാലി വീട്ടില്‍ ജിക്കു ജോയി (29) എന്നിവരെയാണ് കഴിഞ്ഞ പുലര്‍ച്ചെ മൂന്നരയോടെ മറ്റൂരില്‍ നിന്നും അറസ്റ്റു ചെയ്തത്.
തൃപ്പൂണിത്തുറ, കൊല്ലം എന്നിവിടങ്ങളിലെ എക്‌സൈസ് ഗോഡൗണുകളിലേക്ക് മര്‍ഗോവയിലുള്ള മദ്യനിര്‍മ്മാണ യൂണിറ്റില്‍ നിന്നും കൊണ്ടുപോവുകയായിരുന്ന റം ഇനത്തില്‍പ്പെട്ട 16 കുപ്പി മദ്യമാണ് ജിക്കു ജോയിക്ക് മറിച്ചു വിറ്റത്. അഫ്‌സലും ജിക്കുവും വിദേശത്ത് വച്ച് പരിചയമുള്ളവരാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് മറ്റൂരില്‍ മദ്യം എത്തിച്ചത്.
വിലയുമായി ബന്ധപ്പെട്ട് ജിക്കുവും കൊണ്ടുവന്നവരുമായി തര്‍ക്കവും ഉണ്ടായി. തുടര്‍ന്ന് മദ്യം വില്‍പ്പന നടത്തിയവരില്‍ ഒരാള്‍ തന്നെ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം വിളിച്ചറിയിക്കുകയായിരുന്നു. പോലീസ് സംഘമെത്തി കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് മദ്യ വില്‍പ്പനയുടെ ഉള്ളുകള്ളികള്‍ പുറത്തായത്. തുടര്‍ന്ന് വിറ്റവരും വാങ്ങിയവരുമുള്‍പ്പെടെ മൂന്നുപേരെയും അറസ്റ്റു ചെയ്യുകയായിരുന്നു.
റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ എസ്.എച്ച്.ഒ ബി.സന്തോഷ്, എസ്.ഐമാരായ സ്റ്റെപ്‌റ്റോ ജോണ്‍, ദേവസി, സാബു പീറ്റര്‍, എ.എസ്.ഐമാരായ ജോഷി പോള്‍, അബ്ദുള്‍ സത്താര്‍ എന്നിവര്‍ അന്വേഷണത്തിനും തെളി വെടുപ്പിനും നേതൃത്വം നല്‍കി..മദ്യം മറിച്ചു വിറ്റ സംഭവത്തെക്കുറിച്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് എസ്.പി കാര്‍ത്തിക് അറിയിച്ചു.