തിരുവനന്തപുരം: മൂന്നര വയസ്സുള്ള കുട്ടി നാണയം വിഴുങ്ങി മരിച്ച സംഭവത്തില്‍ വിശദാന്വേഷണം നടത്തണമെന്ന് മെഡിക്കല്‍ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെജിഎംസിടിഎ) ആവശ്യപ്പെട്ടു. നാണയം കുടലില്‍ കിടന്നാല്‍ മരണകാരണം ആവുകയില്ല. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നടത്തിയ എക്‌സ്‌റേ പരിശോധനയില്‍ നാണയം കുടലിലാണെന്നാണ് കണ്ടെത്തിയത്.
വീട്ടില്‍ കുട്ടിയെ നിരീക്ഷിക്കുന്നതിലൂടെ നാണയം മലവിസര്‍ജനത്തോടൊപ്പം പുറത്തുപോകുമെന്നതാണ് നിയമാനുസൃതമുള്ള ചികിത്സാ രീതി. ഇക്കാരണത്താലാണ് ഡ്യൂട്ടി പീഡിയാട്രിക് സര്‍ജന്‍ കുട്ടിയെ നിരീക്ഷത്തിനായി വീട്ടില്‍ അയച്ചത്.
എന്നാല്‍ കുട്ടിയുടെ മരണം സംശയത്തിന് ഇടവരുത്തിയിരിക്കുകയാണ്. ഈ കാര്യത്തില്‍ അന്വേഷണം നടത്തി സത്യം പുറത്തുവരുന്നത് വരെ അനാവശ്യമായ ആരോപണങ്ങള്‍ ഒഴിവാക്കേണ്ടതുണ്ട്. മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ മനോവീര്യം കെടുത്തുന്ന വിധത്തിലാണ് ആരോപണങ്ങള്‍ ഉയര്‍ത്തുന്നതെന്ന് കെജിഎംസിടിഎ സംസ്ഥാന പ്രസിഡന്റ് ഡോ. വികെ. സുരേഷ് ബാബു, സെക്രട്ടറി ഡോ നിര്‍മല്‍ ഭാസ്‌കര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.