മുംബൈ: പ്രോവിഡന്റ് ഫണ്ടിന്റെ പേരിൽ സൈബർ തട്ടിപ്പുകാർ മുംബൈയിലെ വയോധികന്റെ 4.35 കോടി രൂപ കവർന്നു. എൻജിനീയറിങ് കമ്പനിയിൽ സീനിയർ എക്സിക്യുട്ടീവായിരുന്ന ദക്ഷിണ മുംബൈയിലെ ഫിറാസ് ഹിർജികാക (71) ആണ് ചതിയിൽപെട്ടത്. പ്രോവിഡന്റ് ഫണ്ടിൽ ഫിറോസ് നിക്ഷേപിച്ച നാലു ലക്ഷം രൂപ 11 കോടി രൂപയായെന്നും അത് പിൻവലിക്കാൻ സഹായിക്കാമെന്നും പറഞ്ഞ് ഫിറോസിന്റെ ഭാര്യയെ ഇ.പി.എഫ്.ഒ ഉദ്യോഗസ്ഥയെന്ന് പറഞ്ഞ് സന്ധ്യ ഭരദ്വാജ് എന്ന സ്ത്രീ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. അവരുടെ വിശ്വാസം നേടിയ ശേഷം 11 കോടി പിൻവലിക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് സന്ധ്യ, ഫിറോസിന് മറ്റൊരാളുടെ നമ്പർ നൽകി.
നികുതി ഇനത്തിൽ 11 കോടിയുടെ 30 ശതമാനം അടക്കണമെന്ന അവരുടെ ആവശ്യം ഫിറോസ് അനുസരിച്ചു. തുടർന്ന് പ്രൊസസിങ് ചാർജ് നൽകണമെന്ന് ആവശ്യപ്പെട്ട് മറ്റൊരാൾ വിളിച്ചു. ഫിറോസ് അത് നൽകാൻ കൂട്ടാക്കാതിരുന്നതോടെ സന്ധ്യ ഭരദ്വാജ് വിളിച്ച് പ്രൊസസിങ് ചാർജ് നൽകിയില്ലെങ്കിൽ പണം കിട്ടില്ലെന്നും റിസർവ് ബാങ്കിനും ആദായ നികുതി വകുപ്പിനും വിവരമറിയിച്ചാൽ അക്കൗണ്ട് മരവിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. അതോടെ അതും നൽകി. പല തവണകളായി 4.35 കോടി രൂപ നൽകി. എന്നിട്ടും 11 കോടി കിട്ടാതായതോടെ ഫിറോസ് പോലീസിൽ പരാതി നൽകുകയായിരുന്നു.