തിരുവനന്തപുരം : സംസ്ഥാനം നേരിടുന്ന വാക്സിന് ക്ഷാമത്തിന് താല്‍ക്കാലിക ആശ്വാസമായി 4.75 ലക്ഷം ഡോസ് വാക്സിന് കൂടി എത്തി. 75,000 ഡോസ് കൊവാക്സിന് ഇന്ന് രാവിലെയും നാല് ലക്ഷം ഡോസ് കൊവിഷീല്‍ഡ് രാത്രിയുമാണ് സംസ്ഥാനത്തെത്തിയത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ മേഖലകളിലേക്കുള്ള വാക്സിന് ബുധനാഴ്ച വിതരണം ചെയ്യും.
സംസ്ഥാനത്തെ ആകെ വാക്സിന് സ്റ്റോക്ക് രണ്ടു ലക്ഷമായി കുറഞ്ഞതിനു പിന്നാലെയാണ് കൂടുതല്‍ വാക്സിന് എത്തിയത്. ഇന്ന് 63,381 ഡോസ് വാക്സിനാണ് സംസ്ഥാനത്ത് വിതരണം ചെയ്തത്. ഇതോടെ സംസ്ഥാനത്ത് ആകെ വിതരണം ചെയ്ത വാക്സിന് ഡോസുകളുടെ എണ്ണം 75,76,588 ആയി. ആവശ്യത്തിന് വാക്സിന് സ്റ്റോക്കില്ലാത്തതിനാല്‍ കര്‍ശന നിയന്ത്രണങ്ങളോടെയായിരുന്നു ഇന്ന് മിക്ക ജില്ലകളിലും വാക്സിനേഷന് നടന്നത്. സാധാരണ പ്രതിദിനം വിതരണം ചെയ്യുന്ന വാക്സിന് ഡോസുകളുടെ എണ്ണത്തിന്റെ മൂന്നിലൊന്ന് ഡോസുകള്‍ മാത്രമാണ് പലയിടങ്ങളിലും സ്റ്റോക്കുണ്ടായിരുന്നത്. അതിനാല്‍ തന്നെ പലയിടങ്ങളിലും വാക്സിന് വിതരണം അവതാളത്തിലായി.