കോട്ടയം : രാജ്യത്ത് മധ്യവർഗ ജനവിഭാഗങ്ങളുടെ ദാരിദ്ര്യം വർധിപ്പിക്കുംവിധം ചികിത്സച്ചെലവ് ബാധിക്കുന്നതായി നീതി ആയോഗ്. ജനതയുടെ മൂന്നിൽ ഒരു ഭാഗം ഒരു ആരോഗ്യരക്ഷാ പദ്ധതിയിലും അംഗങ്ങളല്ല. 40 കോടി ജനങ്ങൾക്കാണ് ഇൻഷുറൻസ് പരിരക്ഷയില്ലാതെ ചെലവേറിയ ചികിത്സാമുറകൾ സ്വീകരിക്കേണ്ടിവരുന്നത്.
സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവർക്ക് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിവിധ ഇൻഷുറൻസ് പദ്ധതികളും മുന്നാക്കക്കാർക്ക് സ്വകാര്യ ഇൻഷുറൻസും തുണയാകുന്നുണ്ട്. കർഷകരും വിവിധ തൊഴിൽമേഖലയിലൂടെ നിത്യവരുമാനമുള്ളവരുമാണ് ദുരിതം പേറുന്നത്. സർക്കാരുകൾ നിശ്ചയിച്ച സാമ്പത്തിക പരിധിയിൽ ഇവർ സൗജന്യ ചികിത്സയ്ക്കോ സൗജന്യ ഇൻഷുറൻസിനോ അർഹരല്ല. ഇവർക്ക് ആശാസ്യമായ പ്രീമിയം തുകയല്ല സർക്കാർ, അർധസർക്കാർ, സ്വകാര്യ ഇൻഷുറൻസ് ഏജൻസികൾ നടപ്പാക്കുന്നത്.
50 ശതമാനം ജനങ്ങൾക്ക് ആയുഷ്മാൻ ഭാരത്, സംസ്ഥാന സർക്കാരുകളുടെ ക്ഷേമപദ്ധതി തുടങ്ങിയവയുടെ കീഴിൽ ചികിത്സാനുകൂല്യങ്ങളുണ്ട്. 20 ശതമാനം ഉന്നതശ്രേണിയിലുള്ളവർക്ക് സ്വകാര്യ ഇൻഷുറൻസ് സംരംഭകരും സഹായമാകുന്നു. ബാക്കി 30 ശതമാനം ജനങ്ങൾക്കുകൂടി പ്രാപ്തമാകുംവിധം കേന്ദ്ര, സംസ്ഥാനസർക്കാരുകൾ ആകർഷകമായ ചികിത്സാ ആനുകൂല്യപദ്ധതികൾ ആവിഷ്കരിക്കണമെന്ന് നീതി ആയോഗ് നിർദേശിച്ചു. സ്വകാര്യ സംരംഭകരും മത്സരസ്വഭാവത്തോടെ ഇടത്തരക്കാർക്ക് പ്രാപ്യമായ പ്രീമിയം തുകയിലൂടെ പരിരക്ഷ ഏർപ്പെടുത്തുന്നതിന് ശ്രമിക്കണം. ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതികൾ നടപ്പാക്കുന്നതിനും നടപടികളുണ്ടാവണം.