ന്യൂഡൽഹി : നരേന്ദ്രമോദി മന്ത്രിസഭയിലെ 42 ശതമാനം മന്ത്രിമാർ ക്രിമിനൽ കേസ് പ്രതികളെന്ന് പഠന റിപ്പോർട്ട്. മന്ത്രിസഭയിലെ തൊണ്ണൂറ് ശതമാനം പേരും കോടീശ്വരന്മാരാണ്. പതിനാല് ശതമാനമാണ് മന്ത്രിസഭയിലെ സ്ത്രീ പ്രാതിനിധ്യം. മന്ത്രിമാരുടെ ശരാശരി സ്വത്ത് 16.24 കോടി രൂപയാണെന്നും അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് തയാറാക്കിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
പുനഃസംഘടനയ്ക്ക് ശേഷമുള്ള നരേന്ദ്രമോദി മന്ത്രിസഭയിലെ അംഗങ്ങളുടെ ക്രിമിനൽ, സാമ്പത്തിക, വിദ്യാഭ്യാസ പശ്ചാത്തലം സംബന്ധിച്ച പഠനറിപ്പോർട്ടാണ് നാഷണൽ ഇലക്ഷൻ വാച്ചും അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസും സംയുക്തമായി തയാറാക്കിയത്. മന്ത്രിമാർ ലോക്‌സഭ, രാജ്യസഭ തെരഞ്ഞെടുപ്പുകളില്‍ സ്വയം വെളിപ്പെടുത്തിയ വിവരങ്ങൾ പഠനവിധേയമാക്കി. ഇതനുസരിച്ച് 78ൽ 33 കേന്ദ്രമന്തിമാർ ക്രിമിനൽ കേസ് പ്രതികളാണ്. അഞ്ച് വർഷത്തിന് മുകളിൽ ശിക്ഷ ലഭിക്കാവുന്ന ഗുരുതര കുറ്റങ്ങൾ ചുമത്തിയ 24 പേർ മന്ത്രിസഭയിലുണ്ട്. ഒരു മന്ത്രിക്കെതിരെ കൊലപാതകവുമായി ബന്ധപ്പെട്ടും കേസുണ്ട്. കൊലപാതകശ്രമത്തിൽ പ്രതികളായ നാല് മന്ത്രിമാരുണ്ട്.
50 കോടിക്ക് മുകളിൽ വിലമതിക്കുന്ന സ്വത്തുക്കൾ നാല് പേർക്കുള്ളപ്പോൾ ഒരു കോടിക്ക് താഴെ സ്വത്തുള്ള എട്ട് മന്ത്രിമാരുണ്ട്. 379 കോടിയുടെ സ്വത്തുള്ള ജ്യോതിരാദിത്യ സിന്ധ്യയാണ് ഒന്നാം സ്ഥാനത്ത്. മലയാളിയായ രാജീവ് ചന്ദ്രശേഖറിനുള്ളത് 64 കോടി 60 ലക്ഷം രൂപയുടെ സ്വത്ത്. കേന്ദ്രമന്ത്രി വി. മുരളീധരന്റേതാകട്ടെ 27 ലക്ഷം രൂപയുടെയും. അതേസമയം തന്നെ പത്ത് കോടിക്ക് മുകളിൽ ബാധ്യതയുള്ള മൂന്ന് കേന്ദ്രമന്ത്രിമാരുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രണ്ടര കോടിയുടെ സ്വത്താണുള്ളത്.