അടൂർ : പഴകുളം സർവ്വീസ് സഹകരണബാങ്ക് അടൂർ ബോയ്സ് ഹൈസ്കൂൾ ശാഖയിൽ നിന്ന് 45 ലക്ഷം രൂപ വെട്ടിപ്പ് നടത്തിയ സംഭവത്തിൽ മാനേജർക്കും പ്യൂണിനുമെതിരേ കേസ്. 2017 കാലയളവിൽ ഇവർ പലപ്പോഴായി പണം തട്ടിയെടുത്തതായി ഓഡിറ്റിങ് വിഭാഗം കണ്ടെത്തിയിരുന്നു. ഉപഭോക്താക്കളുടെ എസ്.ബി. അക്കൗണ്ടിൽനിന്ന് വ്യാജരേഖ ചമച്ചും വ്യാജ ഒപ്പിട്ടും ലോൺ തരപ്പെടുത്തിയെന്നാണ് കണ്ടെത്തൽ.
ജില്ലാ അസി. രജിസ്ട്രാർ നടത്തിയ പരിശോധനയിൽ തട്ടിപ്പ് നടന്നതായി ബോധ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ബാങ്ക് മാനേജർ ഷീല, പ്യൂൺ മുകേഷ് ഗോപിനാഥ് എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു.
യു.ഡി.എഫ്. ഭരണസമിതിയായിരുന്നു വർഷങ്ങളായി ബാങ്ക് ഭരിച്ചിരുന്നത്. തുടർന്ന് ചില കാരണങ്ങളാൽ ഭരണസമിതി പിരിച്ചുവിടുകയും സി.പി.എം. അനുഭാവികളായ മൂന്നുപേർ അടങ്ങുന്ന അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി നിലവിൽ വരുകയും ചെയ്തു. ഇപ്പോൾ ഇതേ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനറായ രാധാകൃഷ്ണകുറുപ്പ് നൽകിയ പരാതിയിലാണ് മാനേജർക്കെതിരെയും പ്യൂണിനെതിരെയും പോലീസ് കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മുൻപ് നിരവധി വിവാദങ്ങളുണ്ടായെങ്കിലും ഇപ്പോഴാണ് പോലീസിൽ പരാതി നൽകുന്നത്. വരുംദിവസങ്ങളിൽ സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടക്കുമെന്ന് അടൂർ സി.ഐ. യു.ബിജു പറഞ്ഞു