തിരുവനന്തപുരം : ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതിമാരെ ഓട്ടോയില്‍ പിന്തുടര്‍ന്ന് എത്തിയ സമൂഹവിരുദ്ധര്‍ തടഞ്ഞു നിര്‍ത്തി മര്‍ദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ നെടുമങ്ങാട് പോലീസ് കസ്റ്റഡിയില്‍ എടുത്തു. വെള്ളിയാഴ്ച രാത്രി 7.30 മണിയോടെ വാളിക്കോട് ജങ്ഷനിലായിരുന്നു സംഭവം. നാട്ടുകാര്‍ പിടികൂടിയ സംഘത്തെ നെടുമങ്ങാട് പോലീസിനു കൈമാറുകയായിരുന്നു. ആക്രമിസംഘത്തില്‍ അഞ്ചു പേരുണ്ടായിരുന്നെങ്കിലും ഒരാള്‍ ഓടി രക്ഷപ്പെട്ടു. ബൈക്കില്‍ വന്നവരെ ഓട്ടോറിക്ഷയില്‍ പിന്തുടര്‍ന്നെത്തിയാണ് ആക്രമിച്ചത്. ആദ്യം വാളിക്കോട് ജങ്ഷനില്‍ തടഞ്ഞു നിര്‍ത്തി ദമ്പതിമാരെ കൈയേറ്റം ചെയ്യാനുള്ള ശ്രമം നാട്ടുകാരും സ്ഥലത്തുണ്ടായിരുന്ന പോലീസും ചേര്‍ന്ന് തടഞ്ഞു. ശേഷം ഇരുകൂട്ടരെയും പറഞ്ഞുവിട്ടു.
എന്നാല്‍ ഓട്ടോയിലെ സംഘം കുറച്ചകലെ മാറിനിന്നു. ബൈക്കിലുള്ളവര്‍ വാഹനമെടുത്ത് പുറപ്പെട്ടപ്പോള്‍ വീണ്ടും ഓട്ടോറിക്ഷയില്‍ വന്നവര്‍ കുറച്ചു മുന്നിലേക്ക് സഞ്ചരിച്ച ശേഷം റോഡില്‍ കാത്തു നിന്ന് പിന്നാലെ വന്ന ദാമ്പതിമാരെ വീണ്ടും തടഞ്ഞു നിര്‍ത്തി കൈയേറ്റം ചെയ്യുകയായിരുന്നു. ഇത് കണ്ട് ഓടിയെത്തിയ നാട്ടുകാരും പോലീസും ചേര്‍ന്ന് അക്രമികളെ പിടികൂടുകയായിരുന്നു. അക്രമി സംഘം മദ്യപിച്ചിരുന്നതായും നേരത്തേയും ഇവര്‍ വഴിയില്‍ വച്ച് ഏറ്റുമുട്ടിയിരുന്നതായും പോലീസ് പറയുന്നു.