കൊച്ചി : ഇന്ത്യയില്‍ സ്വര്‍ണക്കള്ളക്കടത്ത് നടത്തി കുപ്രസിദ്ധരായ പെരുമ്പാവൂര്‍ സ്വദേശികള്‍ക്ക് കരുതല്‍ തടങ്കല്‍. പെരുമ്പാവൂര്‍ സ്വദേശികളായ മുഹമ്മദ് ഫാസില്‍, മുഹമ്മദ് ആസിഫ് എന്നിവരെയാണ് കരുതല്‍ത്തടങ്കലില്‍ വെക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടത്. കോഫെപോസ നിയമപ്രകാരം ഇവരെ ഒരുവര്‍ഷം കരുതല്‍ തടങ്കലില്‍ വെക്കും. മുഹമ്മദ് ഫാസില്‍, മുഹമ്മദ് ആസിഫ് എന്നിവര്‍ ദുബായില്‍നിന്ന് 2017 ജനുവരി മുതല്‍ 2019 മാര്‍ച്ച് വരെ പാഴ്‌വസ്തുക്കള്‍ എന്നപേരിലാണ് പിച്ചളപൂശി ഗുജറാത്ത് തുറമുഖംവഴി സ്വര്‍ണം കടത്തിയത്.
ഇരുവരെയും കരുതല്‍ തടങ്കലില്‍ വെക്കണമെന്ന ഡിആര്‍ഐയുടെ അപേക്ഷ കോഫേപോസ ബോര്‍ഡ് ശരിവെക്കുകയായിരുന്നു. പ്രത്യേക പെയിന്റടിച്ച ശേഷം മറ്റ് ലോഹങ്ങളാണെന്ന് പറഞ്ഞ ഗള്‍ഫില്‍ നിന്നെത്തിച്ച സ്വര്‍ണ്ണക്കട്ടികള്‍ ഗുജറാത്ത് മുന്ദ്ര തുറമുഖത്താണ് ഇവര്‍ ഇറക്കിയിരുന്നത്.
മുംബൈ ഡി.ആര്‍.ഐ. രജിസ്റ്റര്‍ചെയ്ത കേസില്‍ ഇവരോട് കീഴടങ്ങാന്‍ ഡല്‍ഹി കോടതി നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ ജൂണില്‍ ഇരുവരും തിരുവനന്തപുരം പോലീസ് ആസ്ഥാനത്ത് കീഴടങ്ങിയിരുന്നു. തെളിവുകള്‍ പരിശോധിച്ച മുംബൈ ഹൈക്കോടതിയിലെ പ്രത്യേകസമിതിയാണ് ഇവരെ ഒരുവര്‍ഷത്തെ കരുതല്‍ത്തടങ്കലില്‍ പാര്‍പ്പിക്കാന്‍ നിര്‍ദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. കോഫെപോസ കരുതല്‍ത്തടങ്കല്‍ വന്നതോടെ ഇവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള ഒരുക്കം മുംബൈ ഡി.ആര്‍.ഐ. സംഘം തുടങ്ങി.