ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഈമാസം 31 വരെ നീട്ടിയ നാലാംഘട്ട ലോക് ഡൗണിന്റെ മാര്‍ഗനിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളും വിലക്കുള്ളവയുടെ പട്ടികയില്‍നിന്ന് ഒഴിവാക്കി. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അവശ്യസേവനങ്ങള്‍ക്ക് മാത്രം അനുമതി. ജോലിസ്ഥലത്തും പൊതു ഇടങ്ങളിലും മാസ്‌ക് നിര്‍ബന്ധമാക്കി. പൊതുസ്ഥലങ്ങളില്‍ തുപ്പിയാല്‍ പിഴയീടാക്കും. കല്യാണച്ചടങ്ങുകള്‍ക്ക് അന്‍പതുപേരില്‍ കൂടുതല്‍ പാടില്ല. മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്ന ചടങ്ങില്‍ പരമാവധി 20 പേര്‍ക്ക് മാത്രമേ അനുമതി നല്‍കിയിട്ടുള്ളു. ആളുകള്‍ കൂട്ടംകൂടുന്ന ഒരു പരിപാടിയും അനുവദിക്കില്ല. രാത്രി കര്‍ഫ്യൂ തുടരും. ആരാധനാലയങ്ങള്‍, മാളുകള്‍, തിയറ്ററുകള്‍, റസ്റ്ററന്റുകള്‍ എന്നിവയക്ക് തുറക്കാന്‍ അനുമതി നല്‍കിയിട്ടില്ല.
ഈ മാസം 31 വരെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുറക്കില്ല. ആഭ്യന്തര, രാജ്യാന്തരവിമാന സര്‍വീസിന് അനുമതിയില്ല. മെട്രോ റയില്‍ സര്‍വീസുകളും അനുവദിക്കില്ല. ബാറുകള്‍ തുറക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗരേഖയില്‍ പറയുന്നു. ജിംനേഷ്യം, പാര്‍ക്കുകള്‍, ഓഡിറ്റോറിയങ്ങള്‍, സ്വിമ്മിങ് പൂള്‍ തുറക്കില്ല. സോണുകള്‍ തീരുമാനിക്കുന്നതില്‍ സംസ്ഥാനത്തിന് ഉത്തരവാദിത്വം നല്‍കി. റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണുകള്‍ നിശ്ചയിക്കാന്‍ സംസ്ഥാനങ്ങള്‍ക്കാണ് അധികാരം. ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗരേഖയനുസരിച്ച് വേണം തീരുമാനം. കണ്ടെയ്ന്‍മെന്റ്, ബഫര്‍ സോണുകള്‍ ജില്ലാഭരണകൂടത്തിന് തീരുമാനിക്കാം. സംസ്ഥാനാന്തര യാത്രയ്ക്ക് അനുമതി. കര്‍ശന നിയന്ത്രണങ്ങളോടെ യാത്രാ വാഹനങ്ങള്‍ക്കും അനുമതി നല്‍കി. സംസ്ഥാനങ്ങള്‍ തമ്മില്‍ പരസ്പര സമ്മതം ഉണ്ടാകണം. സുരക്ഷാമാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. കാണികളെ ഒഴിവാക്കി സ്‌റ്റേഡിയങ്ങളും സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകളും തുറക്കാം