പത്തനംതിട്ട : വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ മടക്കിക്കൊണ്ടുവരുന്നതിനായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന വന്ദേ ഭാരത് മിഷൻ വിമാന യാത്രക്ക് ഈടാക്കുന്ന അമിതനിരക്ക് പിൻവലിക്കണമെന്ന് കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
പ്രതിസന്ധി മൂലം ജോലിയും വരുമാനവും നഷ്ടപ്പെട്ട പ്രവാസികളെ സൗജന്യമായി നാട്ടിൽ തിരികെ എത്തിക്കേണ്ടതിന് പകരം എയർ ഇൻഡ്യയും മറ്റ് വിദേശ വിമാനക്കമ്പനികളും സാധാരണ സമയങ്ങളിൽ ഈടാക്കുന്ന ടിക്കറ്റ് ചാർജ്ജിനേക്കാൾ പലമടങ്ങ് നിരക്കാണ് ഈടാക്കുന്നത്. ഗൾഫ് സെക്ടറിൽ ഇത് ഇരട്ടിയിലധികവും അമേരിക്ക തുടങ്ങിയ യൂറോപ്യൻ സെക്ടറുകളിൽ മൂന്നും നാലും ഇരട്ടിയുമാണ് ഈ തുക. യാതൊരു മാനുഷിക പരിഗണനയും നല്‍കാതെ പ്രവാസികളെ കൊള്ളയടിക്കുകയാണ് വിമാനക്കമ്പനികള്‍. ഇത് അവസാനിപ്പിക്കുവാൻ അടിയന്തിരമായ ഇടപെടൽ നടത്തണമെന്ന് കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ഹർദ്ദീപ് സിംങ്ങ് പുരി, വിദേശകാര്യ വകുപ്പ് സഹ മന്ത്രി വി.മുരളീധരൻ എന്നിവർക്ക് അയച്ച നിവേദനത്തിൽ സാമുവൽ കിഴക്കുപുറം ആവശ്യപ്പെട്ടു.
വിമാന യാത്രാക്കൂലി പിൻവലിക്കുവാൻ ശക്തമായ സമ്മർദ്ദം ചെലുത്തണമെന്ന് സംസ്ഥാന സർക്കാരിനോടും കേരളത്തിൽ നിന്നുള്ള ജനപ്രതിനിധികളോടും സാമുവൽ കിഴക്കുപുറം അഭ്യർത്ഥിച്ചു. മടങ്ങി എത്തുന്നവർക്കായി പ്രത്യേക പ്രവാസി പുന:രധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും സംസ്ഥാന സർക്കാർ നോർക്ക വഴി പ്രഖ്യാപിച്ച ധനസഹായം ഉടനടി ലഭ്യമാക്കണമെന്നും പ്രവാസി കോൺഗ്രസ് സംസ്ഥാന കമ്മിറ്റി കേന്ദ്ര, സംസ്ഥാന ഗവണ്മെന്റുകളോട് ആവശ്യപ്പെട്ടു.