ലഖ്‌നോ : ഹത്രാസ് സംഭവത്തില്‍ രാജ്യത്ത് പ്രതിഷേം ശക്തമാകുന്നതിനിടെ ഉത്തര്‍പ്രദേശില്‍ നിന്ന് വീണ്ടും ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ പുറത്ത്. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ദെഹാത് ജില്ലയിലെ ഒരു ഗ്രാമത്തില്‍ നിന്ന് കാണാതായ നാലു വയസ്സുകാരിയുടെ മൃതദേഹം വയലില്‍ അഴുകിയ നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ബന്ധുക്കളായ രണ്ട് പേരെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതായി മാതാപിതാക്കള്‍ ആരോപിക്കുന്നു.
സെപ്തംബര്‍ 26നാണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പട്ടികജാതി വിഭാഗത്തിൽപെട്ട പെണ്‍കുട്ടിയാണ് മരിച്ചത്. പെണ്‍കുട്ടിയുടെ കുടുംബവും പ്രതികളും തമ്മില്‍ ഭൂമി തര്‍ക്കമുണ്ടായിരുന്നുവെന്നും തങ്ങളെ ഭീഷണിപ്പെടുത്തിയ രണ്ട് പേരാണ് പ്രായപൂര്‍ത്തിയാകാത്ത മകളെ കൊലപ്പെടുത്തിയെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞതായി പോലീസ് അറിയിച്ചു.
യുപിയിലെ ഹത്രാസില്‍ 20 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സമാനമായ കൂടുതല്‍ സംഭവങ്ങള്‍ അവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.