മാരാമണ്‍ : പമ്പാ നദീതീരത്ത് നടക്കുന്ന മാരാമണ്‍ കണ്‍വന്‍ഷന്‍ പരിസരത്തുള്ള സ്റ്റാളുകളില്‍ നിന്നും തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിന്റെയും ഹരിതകേരളം മിഷന്റേയും നേതൃത്വത്തില്‍ 50 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. നിരോധിത ഉത്പന്നങ്ങളുടെ ഉപയോഗം തുടര്‍ന്ന സ്റ്റാളുകളിലാണ് ഗ്രാമപഞ്ചായത്ത് അസി.സെക്രട്ടറി പി.ശ്രീകലയുടെ നേതൃത്വത്തില്‍ പിടിച്ചെടുക്കല്‍ നടപടി. നിരോധിത പ്ലാസ്റ്റിക് വിപണനം തുടര്‍ന്നാല്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.
പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍, പ്ലാസ്റ്റിക് കപ്പ്, പ്ലേറ്റ്, പാക്കറ്റ് കവറുകള്‍, പ്ലാസ്റ്റിക് സ്പൂണ്‍, പ്ലാസ്റ്റിക് സ്ട്രോ, പ്ലാസ്റ്റിക് കോട്ടിംഗ് ഉള്ള പേപ്പര്‍ കപ്പുകള്‍, പ്ലേറ്റ്, ബൗള്‍ ഗാര്‍ബേജ് ബാഗ് കൂടാതെ കണ്‍വന്‍ഷനോടനുബന്ധിച്ച് പഞ്ചായത്ത് നിരോധിച്ച പരസ്യ നോട്ടീസ്, ബുക്ക്ലെറ്റ്, ബ്രോഷര്‍, ലഘുലേഖ എന്നിവയാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത 50 കിലോ പ്ലാസ്റ്റിക് ഉത്പ്പന്നങ്ങള്‍ ഹരിതകര്‍മ്മസേന അംഗങ്ങള്‍ പഞ്ചായത്ത് എം.സി.എഫിലേക്ക് മാറ്റി. ഹരിതകേരളം മിഷന്‍ റിസോഴ്സ് പേഴ്സണ്‍മാരായ കെ. രാധാകൃഷ്ണന്‍ നായര്‍, മായാ മോഹന്‍, പതിനഞ്ചോളം ഹരിതകര്‍മ്മസേന അംഗങ്ങള്‍ എന്നിവരും പരിശോധനയ്ക്ക് നേതൃത്വം നല്‍കി. സ്റ്റാളുകള്‍ക്ക് ലൈസന്‍സ് കൊടുത്ത സമയത്ത് പഞ്ചായത്ത് അധികൃതര്‍, ഹരിതകേരളം മിഷന്‍ റിസോഴ്സ് പേഴ്സണ്‍, ഹരിതകര്‍മ്മസേന അംഗങ്ങള്‍, ഹരിതസഹായ സ്ഥാപന പ്രതിനിധികള്‍ എന്നിവര്‍ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഉപേക്ഷിക്കാന്‍ വ്യാപാരികള്‍ക്ക് ബോധവത്ക്കരണം നല്‍കിയിരുന്നു.