തിരുവനന്തപുരം: നയതന്ത്ര ബാഗുപയോഗിച്ചുള്ള സ്വര്‍ണക്കടത്തിനുള്ള പണം ഹവാല ഇടപാട് വഴിയാണ് വിദേശത്ത് എത്തിച്ചതെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും കണ്ടെത്തി. ഹവാല ഇടപാടുകള്‍ക്ക് പരമ്പരാഗതമായി ഉപയോഗിക്കുന്ന മാര്‍ഗ്ഗമാണിവിടെയും ഉപയോഗിച്ചതെന്നാണ് കണ്ടെത്തല്‍. അതിനിടെ ഇതുമായി ബന്ധപ്പെട്ട ദേശവിരുദ്ധ കേസുമായി ബന്ധപ്പെട്ട് എന്‍ ഐ എ നാല് പേരെ കൂടി അറസ്റ്റ് ചെയ്തു. കസ്റ്റംസ് കേസില്‍ അറസ്റ്റ് ചെയ്ത അബ്ദുള്‍ ഹമീദ്, അബുബക്കര്‍, ഷമീം എം എ, ജിപ്സല്‍ സി വി എന്നിവരെയാണ് എന്‍ ഐ എ കേസില്‍ പ്രതി ചേര്‍ത്തത്.
വര്‍ഷം തോറും കോടിക്കണക്കിനു രൂപ വില വരുന്ന നൂറു കണക്കിനു കിലോ സ്വര്‍ണമാണ് വിമാനത്താവളങ്ങള്‍ വഴി ഇന്ത്യയിലേക്ക് എത്തുന്നത്. ഇതില്‍ ഭൂരിഭാഗവും കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴിയാണ് കടത്തുന്നത്. സ്വര്‍ണം വാങ്ങാനുള്ള പണം ഹവാല വഴിയാണ് വിദേശത്ത് എത്തുന്നതെന്നാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്നത്. ഈ ഹവാലയുടെ മാര്‍ഗ്ഗങ്ങളിലൊന്ന് ഇങ്ങനെയാണ്.
വിദേശത്ത് ജോലി ചെയ്യുന്നവരില്‍ പലരും ബന്ധുക്കള്‍ക്ക് പണം എത്തിക്കാന്‍ ഹവാല ഇടപാടുകാരെ അശ്രയിക്കുന്നുണ്ട്. ‘ഹുണ്ഡിക’ എന്നാണ് ഇതിന്റെ ഓമനപ്പേര്. വിദേശത്ത് ബാങ്കുകളില്‍ നിക്ഷേപിക്കുന്നതും സ്വദേശത്ത് ബന്ധുക്കള്‍ ബാങ്കുകളില്‍ എത്തി പണം എടുക്കുന്നതും ഒഴിവാക്കാം. ഒപ്പം നികുതിയും ലാഭിക്കാം. കൈമാറേണ്ട പണം എത്രയെന്ന് വിദേശത്തുള്ളവര്‍ ഹവാലക്കാരെ അറിയിക്കും. കിട്ടേണ്ട ആളുടെ ഫോണ്‍ നമ്പരും രഹസ്യ കോഡും തുകയും കേരളത്തിലുള്ള ഹവാല ഇടപാടുകാരെ അറിയിക്കും. കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സംഘത്തിനാണ് വിദേശത്തു നിന്നും ലിസ്റ്റ് ലഭിക്കുക.
സംഘാംഗങ്ങള്‍ ഒരോ ജില്ലയിലുമുണ്ട്. പതിനായിരം രൂപയാണ് കൈമാറേണ്ടതെങ്കില്‍ പത്തു രൂപ എന്നാണ് തുകക്കുള്ള കോഡ്. ഒരു ലക്ഷം ആണെങ്കില്‍ ഒരു പെട്ടി എന്നും. ജില്ലകളില്‍ കണ്ണികളിലുള്ളവര്‍ വീടുകളിലെത്തി പണം കൈമാറും. ഇവര്‍ക്ക് ഈ പണം നല്‍കുന്നത് ചില ജൂവലറികളാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ജൂവലറികളില്‍ ബില്ലില്ലാതെ നടത്തുന്ന കച്ചവടത്തില്‍ നിന്നുള്ള പണമാണ് ഇതിനായി ഉപയോഗിക്കുന്നത്. കള്ളക്കടത്തായി കൊണ്ടു വരുന്ന സ്വര്‍ണമാണ് പകരമായി ജൂവലറികള്‍ക്ക് കിട്ടുക.
വിദേശത്തു നിന്നും കൊണ്ടു വരുന്ന സ്വര്‍ണത്തിന് നല്‍കേണ്ട നികുതിയും കച്ചവടത്തിനു നല്‍കേണ്ട നികുതിയും സര്‍ക്കാരിന് നഷ്ടമാകുകയും ചെയ്യും. ഹവാല വഴി പണം കൈമാറിയത് പിടിക്കപ്പെട്ടാല്‍ മൂന്നിരട്ടി പിഴ ഈടാക്കാന്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനു കഴിയും. ഇത്തവണത്തെ സ്വര്‍ണ്ണക്കടത്ത് അന്വേഷണം ഹവാല സംഘങ്ങളിലേക്കും എത്തിയിട്ടുണ്ട്. അതിനാല്‍ വര്‍ഷങ്ങളായി ഈ രംഗത്തുള്ള പലരും പിടിയിലാകുമെന്നാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അധികൃതര്‍ നല്‍കുന്ന സൂചന.
ഇതിനിടെ ഇന്ന് റിമാന്‍ഡ് കാലാവധി കഴിയുന്ന പ്രതികളെ കസ്റ്റംസ് സാമ്പത്തിക കുറ്റകൃത്യം കൈകാര്യം ചെയുന്ന കോടതിയില്‍ ഹാജരാക്കും. കെ.ടി. റമീസ് ഒഴികെയുള്ള പ്രതികളെയാണ് ഹാജരാക്കുന്നത്. വീഡിയോ കോണ്‍ഫെറെന്‍സിലൂടെയാണ് പ്രതികളെ ഹാജരാക്കുന്നത്.