Wednesday, April 16, 2025 8:40 pm

അധികൃതരുടെ കണ്ണുവെട്ടിച്ച് 55 ഇതര സംസ്ഥാന തൊഴിലാളികള്‍ തിരുവല്ല നഗരഹൃദയത്തിലെ എലൈറ്റ് ഹോട്ടലില്‍ താമസിച്ചത് ആറു ദിവസം

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ആരോഗ്യ പ്രവര്‍ത്തകരുടെയും പോലീസിന്റെയും കണ്ണുവെട്ടിച്ച് 55 ഇതരസംസ്ഥാന തൊഴിലാളികള്‍ തിരുവല്ല നഗരഹൃദയത്തിലെ കെ.ജി.എ എലൈറ്റ് ബാര്‍ ഹോട്ടലില്‍ താമസിച്ചത് ആറു ദിവസം. പത്തനംതിട്ട ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ്‌ പടര്‍ന്നു പിടിക്കുന്ന ഗുരുതരമായ സ്ഥിതിവിശേഷത്തിലാണ് ഈ അനധികൃത താമസം എന്നത് ഏറെ ഗൌരവമേറിയതാണ്. നഗരസഭാ ആരോഗ്യ വിഭാഗം ഇക്കാര്യം അറിഞ്ഞപ്പോള്‍ത്തന്നെ ഹോട്ടലില്‍ എത്തി നടപടികള്‍ സ്വീകരിക്കുമെന്ന് പറഞ്ഞു. ഇതിനെത്തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച ഇവരെ രഹസ്യമായി  കിഴക്കന്‍ മുത്തൂരിലെ മറ്റൊരു താമസ സ്ഥലത്തേക്ക് മാറ്റി.

ബിലിവേഴ്സ് ചര്‍ച്ചിന്റെ ഉടമസ്ഥതയില്‍ തിരുവല്ല കുറ്റപ്പുഴയില്‍ പണിയുന്ന ഷോപ്പിംഗ്‌ മാളിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉത്തര്‍ പ്രദേശ് ഉള്‍പ്പെടെയുള്ള ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ് ഇവര്‍. ഒരു കോണ്‍ട്രാക്ടര്‍ മുഖേനയാണ് ഇവരെ മാളിന്റെ പണിക്ക് ബിലിവേഴ്സ് ചര്‍ച്ച് അധികൃതര്‍ ഏര്‍പ്പാടാക്കിയത്. ഇവര്‍ക്ക് പാസ്സ് നല്‍കിയിരിക്കുന്നത്  ഗവണ്മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ്. അത്രക്ക് ഉന്നതപിടിപാടിലാണ് ഇവര്‍ തിരുവല്ലയില്‍ എത്തിയതെന്ന് ചുരുക്കം.

ഇവര്‍ വരുന്ന ഒരുവിവരം തിരുവല്ല നഗരസഭയെയോ പോലീസിനെയോ ആരോഗ്യ പ്രവര്‍ത്തകരെയോ മുന്‍കൂട്ടി അറിയിച്ചിരുന്നില്ല. തികച്ചും രഹസ്യനീക്കമായിരുന്നു. എന്നാല്‍ ഇവര്‍ തിരുവല്ലയില്‍ എത്തുന്നതിന് ഒരുമണിക്കൂര്‍ മുമ്പ് കൃത്യമായി പറഞ്ഞാല്‍ കോട്ടയത്ത് എത്തിയപ്പോള്‍ വളരെ തന്ത്രപരമായി തിരുവല്ല നഗരസഭയെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. തങ്ങള്‍ 55 പേര്‍ക്ക് ക്വാറന്റൈയിനില്‍ കഴിയാന്‍ സൗകര്യം ഒരുക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പെട്ടെന്ന് ഇത്രയധികംപേര്‍ക്ക് ക്വാറന്റൈയിന്‍ സൗകര്യം ഒരുക്കുവാന്‍ ബുദ്ധിമുട്ടുണ്ടെന്ന് നഗരസഭയുടെ ആരോഗ്യവിഭാഗം മറുപടിയും നല്‍കി. പാസ്സില്‍ തിരുവല്ലയാണ് ബോര്‍ഡിംഗ് പോയിന്റായി രേഖപ്പെടുത്തിയിരുന്നത്. അതിനാലാണ് ഇവര്‍ തിരുവല്ല നഗരസഭയെ ക്വാറന്റൈയിന്‍ സൌകര്യത്തിനുവേണ്ടി ആദ്യം സമീപിച്ചത്. എന്തുകൊണ്ടാണ് വരുന്ന വിവരം മുന്‍കൂട്ടി അറിയിക്കാതിരുന്നത് എന്ന നഗരസഭയുടെ ചോദ്യത്തിന് ഉത്തരവും ഇവര്‍ നല്‍കിയില്ല. കാരണം ഗവണ്മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പാസ്സുമായി കേരളത്തിലെത്തിയ തങ്ങള്‍ക്ക്  കേവലം ഒരു നഗരസഭാ ജീവനക്കാരനോട് മറുപടി പറയേണ്ട ആവശ്യം ഇല്ലെന്ന തോന്നല്‍ ഇവരില്‍ ഉണ്ടായിരുന്നിരിക്കാം. അതുമല്ലെങ്കില്‍  തങ്ങളെ ഇവിടെ കൊണ്ടുവന്നവര്‍ക്ക്  തിരുവല്ലയിലെ ഉന്നതന്മാരുമായുള്ള  പിടിപാട് ഇവര്‍ക്കും അറിയാമായിരിക്കാം.

തിരുവല്ലയിലെ താമസത്തിന് നഗരസഭയുടെ അനുമതി ലഭിക്കാതെ വന്നതോടെ ഇവര്‍ തങ്ങളുടെ പഴയ തട്ടകമായ കോട്ടയം ജില്ലയിലെ പായിപ്പാട്ട് താമസിക്കാമെന്ന കണക്കുകൂട്ടലില്‍ അവിടെയെത്തിയെങ്കിലും നാട്ടുകാര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.  ഇതിനെത്തുടര്‍ന്ന് ചില ഉന്നതര്‍ ഇടപെട്ട് തിരുവല്ല നഗരഹൃദയത്തിലെ എലൈറ്റ് പഞ്ചനക്ഷത്ര ബാര്‍ ഹോട്ടലില്‍ ഇവര്‍ക്ക്  താമസം സംഘടിപ്പിച്ചു നല്‍കി . കേന്ദ്രീകൃത ശീതീകരണ സംവിധാനവും നിരവധി പ്രമുഖര്‍ വന്ന് താമസിക്കുന്നതുമാണ് തിരുവല്ല കെ.എസ്.ആര്‍.ടി.സിക്ക് സമീപമുള്ള ഈ ബാര്‍ ഹോട്ടല്‍.  ഇവര്‍ ഇവിടെ താമസിക്കുന്ന വിവരം നഗരസഭയെയോ ആരോഗ്യ പ്രവര്‍ത്തകരെയോ പോലീസിനെയോ ഹോട്ടല്‍ ജീവനക്കാരോ മാനേജ്മെന്റോ അറിയിച്ചിരുന്നില്ല. പരമ രഹസ്യമായി ആറു ദിവസം ഇവര്‍ ഇവിടെ താമസിച്ചു. ആറാമത്തെ ദിവസമാണ് തിരുവല്ല നഗരസഭാ അധികൃതര്‍പോലും  ഇക്കാര്യം അറിയുന്നത്. തുടര്‍ന്ന് നഗരസഭയുടെ ആരോഗ്യവിഭാഗം ഹോട്ടലില്‍ എത്തി സ്ഥിതിഗതികള്‍ നേരിട്ട് ബോധ്യപ്പെട്ടു. അനുവാദമില്ലാതെ ഇവിടെ താമസിക്കുന്നതിന് തുടര്‍ നടപടികളുമായി  നഗരസഭ നീങ്ങുമെന്നായപ്പോള്‍  55 ഇതര സംസ്ഥാന തൊഴിലാളികളെയും രഹസ്യമായി ഇവിടെനിന്നും മാറ്റി . തിരുവല്ലയിലെ ഒരു ജൂവലറിയിലെ  ജീവനക്കാര്‍ താമസിച്ചിരുന്ന കിഴക്കന്‍ മുത്തൂരിലെ ക്വാര്‍ട്ടേഴ്സിലേക്കാണ് ഇവര്‍ താമസം മാറിയത്. നൂറു പേര്‍ക്കോളം ഇവിടെ താമസിക്കാന്‍ സൗകര്യം ഉണ്ട്. ഇവര്‍ ഇവിടെ താമസിക്കുന്ന വിവരവും ഇതുവരെയും അധികൃതരെ  അറിയിച്ചിട്ടില്ല.

കോവിഡിനെത്തുടര്‍ന്ന് ലോക്ക് ഡൌണ്‍ ഏര്‍പ്പെടുത്തിയപ്പോള്‍ നാട്ടില്‍ പോകണമെന്ന്  കരഞ്ഞുവിളിക്കുകയും പായിപ്പാട്ട് തെരുവില്‍ ഇറങ്ങി സമരം നടത്തുകയും ചെയ്തവരാണ് ഇവര്‍. തിരുവല്ലക്ക് സമീപം കോട്ടയം ജില്ലയിലെ പായിപ്പാട്ട് താമസിച്ചിരുന്ന ഇവരെ  സര്‍ക്കാര്‍ സ്പെഷ്യല്‍ ട്രെയിനില്‍ നാട്ടിലേക്ക് വിട്ടിരുന്നു. എന്നാല്‍ ഇവര്‍ തൊഴിലിനുവേണ്ടി വീണ്ടും കേരളത്തില്‍ തിരിച്ചെത്തി. വീണ്ടും പഴയ സ്ഥലത്ത് താമസിക്കാമെന്ന കണക്കുകൂട്ടലിലാണ് ഇവര്‍ വന്നത്. എന്നാല്‍ നാട്ടുകാര്‍ എതിര്‍ത്തതോടെ  ഇവര്‍ പായിപ്പാട്ടെ താമസം വേണ്ടെന്നു വെക്കുകയായിരുന്നു. തിരുവല്ല എലൈറ്റ് ഹോട്ടലില്‍ ആറു ദിവസത്തെ താമസത്തിനും ഭക്ഷണത്തിനുമായി ലക്ഷങ്ങള്‍  ഇവര്‍ ചെലവാക്കി. തൊഴിലാളികള്‍ക്കുവേണ്ടി ഇവരെ കൊണ്ടുവന്ന കോണ്‍ട്രാക്ടര്‍ ആണ് ഹോട്ടല്‍ ബില്‍ നല്‍കിയത്.

കോവിഡ്‌ വ്യാപനത്തെത്തുടര്‍ന്ന് കര്‍ശനമായ നിയന്ത്രണങ്ങളാണ് പത്തനംതിട്ട ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പത്തനംതിട്ട നഗരസഭ പൂര്‍ണ്ണമായും കണ്ടെയിന്‍മെന്റ് സോണിലാണ്. തിരുവല്ല നഗരസഭയിലെ രണ്ടു വാര്‍ഡുകളും കൂടാതെ ജില്ലയിലെ മറ്റു ചില പ്രദേശങ്ങളും കണ്ടെയിന്‍മെന്റ്  സോണിലാണ്. കര്‍ശനമായ നടപടികളാണ് ജില്ലാ ഭരണകൂടവും പോലീസും നടപ്പിലാക്കിയിരിക്കുന്നത്.  എന്നാല്‍ ഇവരുടെയെല്ലാം കണ്ണുവെട്ടിച്ച്‌ 55 ഇതരസംസ്ഥാന തൊഴിലാളികളെ അതീവ രഹസ്യമായി തിരുവല്ല നഗരഹൃദയത്തില്‍ താമസിപ്പിച്ചു എന്നത് ചില ഉന്നതരുടെ ഇടപെടല്‍ ഇതില്‍ വ്യക്തമാക്കുന്നു. അതോടൊപ്പം എവിടെയൊക്കയോ ചില പാളിച്ചകളും സംഭവിച്ചിട്ടുമുണ്ട്.

തിരുവല്ല എലൈറ്റ് ഹോട്ടലില്‍ ഇവരെ അനധികൃതമായി താമസിപ്പിക്കുമ്പോള്‍ കോവിഡ്‌ പ്രൊട്ടോക്കോളോ ക്വാറന്റൈന്‍ നടപടിക്രമങ്ങളോ പാലിച്ചിട്ടില്ല. ഹോട്ടലിലെ പൊതു അടുക്കളയും പാത്രങ്ങളുമാണ് ഇവര്‍ ഉപയോഗിച്ചത്. ഹോട്ടലിലെ ജീവനക്കാരുടെയോ അവിടെ വന്നുപോകുന്ന മറ്റുള്ളവരുടെയോ സുരക്ഷിതത്വത്തിന് വേണ്ട ഒരു മുന്‍കരുതലും  സ്വീകരിച്ചിട്ടില്ല. ഇവര്‍ ഹോട്ടലില്‍ നിന്നും പോയതിനുശേഷം ഇവര്‍ക്ക് നേരിട്ട് സമ്പര്‍ക്കം ഉണ്ടായിട്ടുള്ള മുറികളോ ഹോട്ടലിന്റെ മറ്റു ഭാഗങ്ങളോ ഇവര്‍ ഉപയോഗിച്ച ടോയ്‌ലറ്റുകളോ അണു നശീകരണം നടത്തിയിട്ടില്ല. ഇവര്‍ താമസിച്ചിരുന്നത് ഉള്‍പ്പെടെയുള്ള മുറികളില്‍ വീണ്ടും പുതിയ ആള്‍ക്കാരെ താമസിപ്പിച്ചുവരികയാണ് എന്നാണ് ലഭിക്കുന്ന വിവരം. ഹോട്ടലിലെ ബാറിലും ഇതര സംസ്ഥാന തൊഴിലാളികള്‍ പോയതായി സംശയിക്കുന്നു. സിനിമാ നടന്‍ ധര്‍മ്മജന്‍ ഉള്‍പ്പെടെയുള്ള ചില പ്രമുഖര്‍ ഈ ഹോട്ടലില്‍ ഇപ്പോഴും താമസിച്ചുവരുന്നു എന്നാണ് അറിയുന്നത്. ഇത് ഗുരുതരമായ കോവിഡ്‌  വൈറസ് വ്യാപനത്തിന് കാരണമാകും.

തിരുവല്ല എലൈറ്റ് ഹോട്ടല്‍ ക്വാറന്റൈന്‍ കേന്ദ്രമായി സര്‍ക്കാര്‍ ഏറ്റെടുത്തതാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വരുന്നവര്‍ക്ക് പണം നല്‍കി സേവനം നല്‍കുന്നതിനാണ് ഇവ ഏറ്റെടുത്തത്. ഇത് ബാര്‍ ഹോട്ടല്‍ ആയതിനാല്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ മാത്രമേ ഇത് ക്വാറന്റൈന്‍ കേന്ദ്രമായി ഉപയോഗിക്കുകയുള്ളൂ. എന്നിരുന്നാലും അധികൃതരുടെ അനുമതിയോടുകൂടി മാത്രമേ ഇവിടെയുള്ള മുറികളില്‍  മറ്റുള്ള താമസക്കാരെ പ്രവേശിപ്പിക്കുവാന്‍ പാടുള്ളൂ. എന്നാല്‍ അധികൃതരെ അറിയിക്കാതെ രഹസ്യമായാണ്  ഇതര സംസ്ഥാനത്തു നിന്നും എത്തിയ തൊഴിലാളികള്‍ക്ക്  ഈ ഹോട്ടലില്‍ ക്വാറന്റൈന്‍ സൗകര്യം കൊടുത്തത്. ഇവരുടെ സ്രവ പരിശോധന നടത്തുകയോ രോഗം ഇല്ലെന്ന് ഇതുവരെ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല. ഇന്ന് ഇവരുടെ സ്രവ പരിശോധന നടത്തുമെന്നാണ് അറിയുന്നത്. റിസള്‍ട്ട് വരുവാന്‍ ഇനിയും കുറച്ചു ദിവസങ്ങള്‍ കാത്തിരിക്കണം. ഇതിനിടയില്‍ കോവിഡ്‌  വ്യാപനം ഉണ്ടാകുമോ എന്ന ഭയപ്പാടിലാണ് തിരുവല്ല നിവാസികള്‍.

പണത്തിനുവേണ്ടി  എന്തും ചെയ്യാമെന്ന നിലപാട് ഗുരുതരമായ ഈ കോവിഡ്‌ വൈറസ് വ്യാപന കാലയളവിലും മാറ്റമില്ലാതെ തുടരുന്നു എന്നതിന്റെ ഉദാഹരണമാണ് തിരുവല്ല എലൈറ്റ് ഹോട്ടല്‍ മാനേജ്മെന്റില്‍ നിന്നും ഉണ്ടായത്. ഉന്നത സ്വാധീനവും പിടിപാടുകളും ഉപയോഗിച്ച് ചില ഉദ്യോഗസ്ഥരെയും മാധ്യമങ്ങളെയും നിശബ്ദരാക്കിയ നടപടിക്കെതിരെ പ്രതികരിക്കേണ്ടത് തിരുവല്ല നിവാസികളാണ്. ഇവിടെ താമസിച്ചിരുന്നവര്‍ക്ക് ആര്‍ക്കെങ്കിലും രോഗം സ്ഥിരീകരിച്ചാല്‍ തിരുവല്ല നഗരവാസികളോടൊപ്പം ഈ ഹോട്ടലില്‍ താമസിച്ച ധമ്മജന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിസന്ധിയിലാകും.

അധികൃതര്‍ അടിയന്തിരമായി ഇടപെട്ട് രോഗവ്യാപനം ഉണ്ടാകാതിരിക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കണം. ഇവരുടെ സ്രവ പരിശോധനാ ഫലം വരുന്നതുവരെ  ഈ 55 തൊഴിലാളികളുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്നവരെ കണ്ടുപിടിച്ച് മറ്റുള്ളവരുമായി ഇടപഴകുന്നതില്‍ നിന്നും വിലക്കണം. ഹോട്ടലും ബാറും അടിയന്തിരമായി അടച്ചിട്ടുകൊണ്ട്  അണു നശീകരണം നടത്തണം. കൂടാതെ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികളും സ്വീകരിക്കണം. ഇതിന്  ജില്ലാ കളക്ടറും പോലീസ് അധികൃതരും താമസംവിനാ തയ്യാറാകണം. മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ വീഴ്ചയുണ്ടായാല്‍ ഇതിന്റെ ഉത്തരവാദിത്വം അധികാരികള്‍ക്ക് മാത്രമായിരിക്കും.

https://www.facebook.com/mediapta/videos/1179435769079536/

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സുപ്രിം കോടതിയുടെ മാനദണ്ഡങ്ങൾ പാലിക്കാതെ വീട് പൊളിച്ചുമാറ്റിയതിന് മാപ്പ് പറഞ്ഞ് മുനിസിപ്പൽ കമ്മീഷണര്‍

0
നാഗ്പൂര്‍: സുപ്രിം കോടതിയുടെ മാനദണ്ഡങ്ങൾ പാലിക്കാതെ വീട് പൊളിച്ചുമാറ്റിയതിന് നാഗ്പൂർ മുനിസിപ്പൽ...

മടത്തുംചാൽ – മുക്കൂട്ടുതറ റോഡിൻ്റെ നിർമ്മാണ പുരോഗതി വിലയിരുത്തി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ

0
റാന്നി : മടത്തുംചാൽ- മുക്കൂട്ടുതറ റോഡിൻ്റെ നിർമ്മാണ പുരോഗതി വിലയിരുത്തി അഡ്വ....

അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചില ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ

0
പാലക്കാട്: ഗോണ്ടിയ സ്റ്റേഷനിൽ ഒന്നിലധികം ദിവസങ്ങളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചില ട്രെയിനുകൾ...

11.92 കോടിയുടെ മുത്തൂറ്റ് ഇൻഷുറൻസ് ബ്രോക്കേഴ്‌സ് തട്ടിപ്പ് ; രണ്ട് പ്രതികളുടെയും ചോദ്യം ചെയ്യൽ...

0
കൊച്ചി: മുത്തൂറ്റ് ഇൻഷുറൻസ് ബ്രോക്കേഴ്‌സ് തട്ടിപ്പ് കേസിൽ രണ്ട് പ്രതികളുടെയും ചോദ്യം...