കോന്നി : സപ്ലൈക്കോയുടെ വാതിൽപടി വിതരണ കേന്ദ്രത്തിൽ റേഷൻ കടകൾ വഴി വിതരണം ചെയ്യാൻ എത്തിച്ച 560 ടൺ അരി ഇറക്കാതെ പിടിച്ചിട്ടു. പെരുമ്പാവൂർ, കാലടി എന്നിവിടങ്ങളിൽ നിന്നും എത്തിച്ച 6 ലോഡ് അരിയാണ് കോന്നിയിൽ ക്വാളിറ്റി കൺട്രോളർ അനുമതി നൽകാത്തതിനെ തുടർന്ന് ഇറക്കാൻ കഴിയാഞ്ഞത്. ഇതോടെ അരി ലോഡുമായി എത്തിയ ഡ്രൈവർമാർ ബുദ്ധിമുട്ടിലായി. കാലടി ജെ ബി എസ് ആഗ്രോ പ്രൊഡക്ട്സ്, മേരി മാതാ എന്നീ മില്ലുകളിൽ നിന്നും സപ്ലൈക്കോയുടെ മൂന്ന് ക്വാളിറ്റി കൺട്രോളർമാർ ഗുണ നിലവാരം പരിശോധിച്ച ശേഷമാണ് 6 ലോഡ് അരി വാഹനങ്ങളിൽ കയറ്റിയത്. പരിശോധനക്ക് ശേഷം തൂക്കചീട്ട് വാങ്ങിയ ശേഷമാണ് വാഹനങ്ങൾ പുറപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരത്തോടെ എത്തിയ ലോഡ് വ്യാഴാഴ്ച ആണ് കോന്നിയിലെ ക്വാളിറ്റി കൺട്രോളർ ഭൂപതി പരിശോധിക്കുന്നത്.
പരിശോധനയിൽ ഓരോ ചാക്കിലും 6 തരത്തിൽ ഉള്ള അരിയുടെ വകഭേതങ്ങൾ കണ്ടെത്തി. ഇതിൽ റേഷൻ അരിയുടെ സാന്നിധ്യവും കൂടി കണ്ടെത്തിയതോടെ ആണ് അരി ഇവിടെ ഇറക്കാൻ കഴിയില്ല എന്ന് ക്വാളിറ്റി കൺട്രോളർ റിപ്പോർട്ട് നൽകിയത്. ഇതോടെ പ്രശ്നം സങ്കീർണ്ണമായി.6 ലോഡ്മായി എത്തിയ ഡ്രൈവർമാർ ഇതോടെ പ്രതിസന്ധിയിൽ ആയി ഏകദേശം 117 കിലോമീറ്റർ ഓടി പെരുമ്പാവൂരിൽ നിന്ന് എത്തി ലോഡ് ഇറക്കി തിരികെ ചെല്ലുമ്പോൾ ഒരു ടണ്ണിന് 600 രൂപ വീതമാണ് വാടക ലഭിക്കുന്നത്. എന്നാൽ ഈ വാടക ഉൾപ്പെടെ ഇപ്പോൾ നഷ്ട്ടപെട്ട സ്ഥിതിയിൽ ആണ് ഡ്രൈവർമാർ.