മുംബൈ : നേരിട്ട് കൊമ്പ് കോര്‍ക്കാന്‍ ഒരുങ്ങി അംബാനിയും അദാനിയും. ജൂലായ് 26ന് നടക്കുന്ന 5ജി സ്‌പെക്ട്രം ലേലത്തില്‍ അദാനി പങ്കെടുക്കുമെന്ന് ഉറപ്പായി. അദാനിയെ കൂടാതം റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍ ഐഡിയ എന്നീ കമ്പനികളുമാണ് 5ജി ലേലത്തില്‍ പങ്കെടുക്കാന്‍ അപേക്ഷ നല്‍കിയിട്ടുള്ളത്. പെട്രോകെമിക്കൽ, ടെക്സ്റ്റൈൽ, ടെലികോം, റീടെയ്ൽ മേഖലകളിലാണ് നിലവിൽ അംബാനി പ്രവർത്തിക്കുന്നത്. വൈദ്യുതോൽപ്പാദനം, ട്രാൻസ്മിഷൻ, വിതരണം, തുറമുഖം, വ്യോമയാന മേഖലകളിലാണ് അദാനിയുടെ പ്രവർത്തനം.
അടുത്ത ഒൻപത് വർഷത്തിനുള്ളിൽ രാജ്യത്ത് 100 ഗിഗാവാട്ട് സൗരോർജ്ജം ഉൽപ്പാദിപ്പിക്കാൻ ശേഷി കൈവരിക്കുമെന്നാണ് അംബാനിയുടെ പ്രഖ്യാപനം. അദ്ദേഹത്തിന്റെ ഗ്രൂപ്പ് ഇതിനായി 10 ബില്യൺ ഡോളർ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇതിന്റെ അടിസ്ഥാന ആവശ്യങ്ങൾക്കായി ചെലവഴിക്കുമെന്നും അംബാനി പ്രഖ്യാപിച്ചു കഴിഞ്ഞു. അംബാനിയുടെ പ്രഖ്യാപനത്തിന് മൂന്ന് ദിവസത്തിന് ശേഷം അദാനിയും തങ്ങളുടെ പ്രഖ്യാപനം നടത്തി. അടുത്ത ദശാബ്ദത്തിൽ ഓരോ വർഷവും അഞ്ച് ഗിഗാവാട്ട് വീതം ഉൽപ്പാദനം വർധിപ്പിക്കുമെന്നാണ് പ്രഖ്യാപനം. നിലവിൽ 3.5 ഗിഗാവാട്ട് വൈദ്യുതിയാണ് ഇദ്ദേഹത്തിന്റെ കമ്പനികൾ ഉൽപ്പാദിപ്പിക്കുന്നത്.
ജൂലൈ 26 മുതലാണ് 5ജി ലേലം ആരംഭിക്കുന്നത്. ലേലത്തിൽ നേടുന്നവർക്ക് സ്പെക്ട്രം ഉപയോഗിക്കാനുള്ള ലൈസൻസ് അവകാശം 20 വർഷത്തിലേക്കായിരിക്കും ലഭിക്കുക. കുറഞ്ഞത് 4.3 ലക്ഷം കോടി രൂപ വിലമതിക്കുന്ന 72,097.85 മെഗാഹെർഡ്സ് സ്പെക്ട്രമാണ് ലേലത്തിലുണ്ടാകുക. സെക്ടർ റെഗുലേറ്റർ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ശുപാർശ ചെയ്ത കരുതൽ വിലയിൽ 5ജി ലേലത്തിന് കഴിഞ്ഞ മാസം മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.