മിനിസോട്ട : അഞ്ചു വയസ്സുകാരന്റെ കൈയില്‍ ലഭിച്ച തോക്കില്‍ നിന്നു ചീറിപ്പാഞ്ഞുവന്ന വെടിയുണ്ട മൂന്നു വയസ്സുകാരിയുടെ ജീവനെടുത്തു. യുഎസിലെ മിനിസോട്ടയില്‍ വീട്ടിനുള്ളില്‍ വച്ചാണു സംഭവം. വിവരം അറിഞ്ഞെത്തിയ പാരാമെഡിക്കല്‍സ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആണ്‍കുട്ടിക്ക് തോക്ക് എവിടെ നിന്ന് ലഭിച്ചെന്ന് പോലീസ് അന്വേഷിക്കുകയാണ്.
വിഡിയോ കണ്ടുകൊണ്ടിരിക്കെ 30 വയസ്സുള്ള അമ്മ സ്വന്തം വീട്ടില്‍ വച്ചു കുട്ടിയുടെ വെടിയേറ്റു മരിച്ച സംഭവം യുഎസില്‍ രണ്ടു ദിവസം മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വര്‍ഷം തന്നെ കുട്ടികള്‍ ഉള്‍പ്പെട്ട 239 വെടിവയ്പ്പുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 94 പേര്‍ക്കു ജീവന്‍ നഷ്ടപ്പെടുകയും 157 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി നോണ്‍ പ്രോഫിറ്റ് അഡ്വക്കേറ്റിങ് ഗണ്‍ കണ്‍ട്രോള്‍ സംഘടന അറിയിച്ചു.
പല കേസുകളിലും മാതാപിതാക്കളുടെ അശ്രദ്ധയാണ് ഉണ്ടകളുള്ള തോക്ക് കുട്ടികളുടെ കൈയില്‍ കിട്ടാന്‍ കാരണമെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്തേണ്ടതാണെന്നും തോക്കുകള്‍ സുരക്ഷിതമായി വയ്ക്കണമെന്നും അധികൃതര്‍ പലതവണ വ്യക്തമാക്കിയിട്ടുളളതാണ്.