തൃപ്പൂണിത്തുറ : രണ്ടാമതും പെണ്‍കുഞ്ഞ് പിറന്നശേഷം തനിക്കു കഷ്ടകാലമാണെന്ന അന്ധവിശ്വാസത്തില്‍ ആറു മാസം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി ഉപദ്രവിച്ച അച്ഛ൯ അറസ്റ്റില്‍. തിരുവാങ്കുളം കേശവന്പടി റബാന്കുന്ന് റോഡില്‍ വാടകയ്ക്കു താമസിക്കുന്ന പാലക്കാട് സ്വദേശി ആനന്ദ് മുരുകനെയാണ്(40) ജില്ലാ ശിശുക്ഷേമ സമിതിയുടെ ഇടപെടലിനെത്തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തത് . പോക്സോ ചുമത്തി ഇയാള്‍ക്കെതിരേ കേസെടുത്തു. മദ്യലഹരിയില്‍ കുഞ്ഞിനെ ഇയാള്‍ പതിവായി ഉപദ്രവിച്ചിരുന്നതായി പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം കഴുത്തില്‍ മാരകമായ പരിക്കേറ്റ കുഞ്ഞിനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച ആശുപത്രിയില്‍നിന്നു വീട്ടില്‍ കൊണ്ടുവന്ന കുഞ്ഞിനെ പിറ്റേന്നു രാത്രി ആനന്ദ് വീണ്ടും ഉപദ്രവിച്ചു . കാലില്‍ പിടിച്ച് എറിയുകയും കിണറ്റിലെറിഞ്ഞു കൊന്നു കളയാന്‍ ഇയാള്‍ ഭാര്യയെ പ്രേരിപ്പിക്കുകയും ചെയ്തു. എടുത്തെറിഞ്ഞ കുഞ്ഞിനെ അമ്മ പിടിച്ചതിനാല്‍ കൂടുതല്‍ പരിക്കേറ്റില്ല . ആനന്ദിന് രണ്ടര വയസുള്ള ഒരു പെണ്കുഞ്ഞു കൂടിയുണ്ട്. ഈ കുഞ്ഞിനെ ഉപദ്രവിക്കാറില്ല . ഇളയ പെണ്‍കുഞ്ഞ് ജനിച്ചശേഷം കഷ്ടകാലമാണെന്നും ഒഴിവാക്കണമെന്നും പറഞ്ഞായിരുന്നു ക്രൂര ഉപദ്രവം .