പത്തനംതിട്ട : കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ച് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന 62 കാരി ഉള്‍പ്പെടെ മൂന്നുപേരെ പരിശോധനയില്‍ ഡബിള്‍ നെഗറ്റീവ് ഫലം വന്നതിനെ തുടര്‍ന്ന് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. റാന്നിയിലെ ഇറ്റലിയില്‍ നിന്ന് എത്തിയ കുടുംബവുമായുണ്ടായ സമ്പര്‍ക്കത്തിലൂടെയാണ് 62 കാരിക്ക് കോവിഡ് പിടിപെട്ടത്. ഇവര്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു.
നാല്‍പതു ദിവസത്തില്‍ ഏറെയായി തുടര്‍ പരിശോധനയില്‍ കോവിഡ് പോസിറ്റീവായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന കോവിഡ് പരിശോധനയിലാണ് ഡബിള്‍ നെഗറ്റീവായത്. കോവിഡ് 19 സ്ഥിരീകരിച്ച് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ മറ്റ് രണ്ടുപേരെയും പരിശോധനയില്‍ ഡബിള്‍ നെഗറ്റീവായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ച്ചാര്‍ജ് ചെയ്തു. ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും ഇവര്‍ 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ തുടരും.
നിലവില്‍ ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ഇനി ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത് മൂന്നുപേരാണ്. ഈ മൂന്നുപേരും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ്. നേരത്തെ രോഗം ബാധിച്ച 62 കാരിക്ക് രോഗലക്ഷണങ്ങള്‍ കുറഞ്ഞെങ്കിലും ദിവസങ്ങളോളം പരിശോധനയില്‍ കോവിഡ് പോസിറ്റീവായി തുടരുകയായിരുന്നു. പ്രായം കൂടിയതായിരിക്കാം 62 കാരിക്ക് കോവിഡ് 19 നെഗറ്റീവാകാന്‍ കാലതാമസമെടുത്തതെന്നും, രോഗം മാറാനുണ്ടായ കാലതാമസത്തിന്റെ കാരണങ്ങള്‍ പരിശോധിക്കുമെന്നും ഡി.എം.ഒ (ആരോഗ്യം ) ഡോ.എ.എല്‍ ഷീജ പറഞ്ഞു.