പാലക്കാട്: കുടുംബശ്രീ വായ്പയുടെ പേരില്‍ അറുപത്തിരണ്ട് ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയതുമായി ബന്ധപ്പെട്ട് പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സിപിഎം മാട്ടുപ്പാറ മുന്‍ ബ്രാഞ്ച് സെക്രട്ടറി വി അനില്‍കുമാര്‍, സഹായി കുമാര്‍, കുടുംബശ്രീ ചെയര്‍പേഴ്സണ്‍ റീന സുബ്രഹ്മണ്യന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.
വായ്പയെടുത്ത തുക പൂര്‍ണമായും നല്‍കാതെ വഞ്ചിച്ചെന്ന് കാണിച്ച് വക്കാവിലെ 20 കുടുംബശ്രീ യൂണിറ്റുകളാണ് പോലീസില്‍ പരാതി നല്‍കിയത്. വാഴക്കൃഷി നടത്തുന്നതിനായി കുടുംബശ്രീ ശുപാര്‍ശപ്രകാരം ബാങ്കില്‍നിന്ന് വായ്പ ലഭ്യമാക്കാമെന്നായിരുന്നു വാഗ്ദാനം. ഇതിനായി ഗഡുക്കളായി അനുവദിച്ച വായ്പയില്‍ മുഴുവന്‍ തുകയും ലഭിച്ചില്ലെന്നുകാണിച്ച് കുടുംബശ്രീ അംഗങ്ങള്‍ രംഗത്ത് വരികയായിരുന്നു.
പാട്ടത്തിന് സ്ഥലം ശരിയാക്കി കൊടുക്കാം എന്ന ഉറപ്പിന്മേല്‍ യൂണിറ്റുകളില്‍ നിന്ന് അനധികൃതമായി പണപ്പിരിവ് നടത്തി. എന്നാല്‍ സ്ഥലം നല്‍കുകയോ വാങ്ങിയ തുക തിരിച്ചുനല്‍കുകയോ ചെയ്തില്ല. തുടര്‍ന്ന് അംഗങ്ങള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പ്രതികളുടെ വീടുകളില്‍ പരിശോധന നടത്തിയിരുന്നു.