ചെറുവത്തൂർ : രോഗബാധിതനായ 65-കാരനെ കഴുത്തുഞെരിച്ച് കൊന്നു. ഭാര്യയുടെ പ്രേരണയിൽ ബന്ധുക്കളായ യുവാക്കളാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. പിലിക്കോട് മടിവയലിലെ പത്താനത്ത് കുഞ്ഞമ്പുവിനെയാണ് ബുധനാഴ്ച രാത്രി കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞമ്പുവിന്റെ ഭാര്യ വി. ജാനകി (50), ജാനകിയുടെ സഹോദരിയുടെ മകൻ അന്നൂർ പടിഞ്ഞാറ് താമസിക്കുന്ന വി. രാജേഷ് (34), മറ്റൊരു ബന്ധു കണ്ടങ്കാളിയിൽ താമസിക്കുന്ന അനിൽ (39) എന്നിവരെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തു.
കോവിഡ് മുക്തനായ കുഞ്ഞമ്പു പക്ഷാഘാതം പിടിപെട്ട് കിടപ്പിലായിരുന്നു. മിക്ക ദിവസങ്ങളിലും ഭാര്യ മാത്രമാണ് വീട്ടിൽ ഒപ്പമുണ്ടാകുക. അസുഖബാധിതനായ ഇയാളെ പരിചരിക്കുന്നതിനുള്ള പ്രയാസമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. ബുധനാഴ്ച രാത്രി 10-നും 11-നും ഇടയിലാണ് കൊലപാതകം നടന്നത്. കൊലപാതകത്തിനുശേഷം സ്വാഭാവിക മരണമാക്കാനും ഇവർ ശ്രമിച്ചതായി പോലീസ് പറഞ്ഞു. രാത്രി ഒന്നരയോടെ സമീപവാസികളെ അറിയിച്ച് മൃതദേഹം ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. മൃതദേഹത്തിൽ താടിയിൽ മുറിവും കഴുത്തിൽ പാടും കണ്ടതിനെ തുടർന്ന് ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം പരിശോധനയ്ക്കുശേഷം കോവിഡ് മാനദണ്ഡം പാലിച്ച് സംസ്കരിച്ചു.