ഹൈദരാബാദ്: കളിച്ചുകൊണ്ടിരുന്ന ഏഴുവയസുകാരനെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു. തെലങ്കാനയിലെ വാറങ്കല്‍-കാസിപേട്ട് മേഖലയിലെ റെയില്‍വേ കോളനിക്ക് സമീപമുള്ള പാര്‍ക്കില്‍, കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഏഴുവയസുകാരനെയാണ് തെരുവുനായ്ക്കള്‍ കടിച്ചുകൊന്നത്. റോഡ് സൈഡില്‍ ചെറിയ കച്ചവടം നടത്തുന്ന ഉത്തര്‍പ്രദേശ് സ്വദേശികളായ ദമ്പതികളുടെ മകന്‍ ചോട്ടുവാണ് മരിച്ചത്. ദേഹാമസകലം മുറിവേറ്റ കുട്ടിയെ എംജിഎം ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
പാര്‍ക്കില്‍ കളിക്കുകയായിരുന്ന ചോട്ടുവാണ് നായ്ക്കളുടെ ആക്രമണത്തിന് ഇരയായത്. ഒരു നായ കുട്ടിയുടെ കഴുത്തില്‍ കടിച്ചുവലിക്കുകയായിരുന്നു. ദേഹമാസകലം മുറിവേറ്റ കുട്ടിയെ എംജിഎം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവരം അറിഞ്ഞ് വാറങ്കല്‍ വെസ്റ്റ് എംഎല്‍എ വിനയ് ഭാസ്‌കറും മേയര്‍ ഗൗണ്ട പ്രകാശ് റാവുവും സ്ഥലത്തെത്തി. കുട്ടിയുടെ കുടുംബത്തിന് ഒരുലക്ഷം രൂപ ധനസഹായം നല്‍കുമെന്നും എംഎല്‍എ പറഞ്ഞു.