മറയൂർ : എ.ടി.എമ്മിൽ പണം നിക്ഷേപിക്കാൻ സഹായിച്ചയാൾ എ.ടി.എം. കാർഡ് മാറ്റിനൽകിയശേഷം 74,000 രൂപ തട്ടിയെടുത്തു. മറയൂർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ചിന് മുൻവശത്തുള്ള എ.ടി.എമ്മിൽ വ്യാഴാഴ്ച രാവിലെ 10.30-നാണ് തട്ടിപ്പുനടന്നത്. കാന്തല്ലൂർ പെരടിപള്ളം സ്വദേശി ദുരൈരാജാണ് തട്ടിപ്പിനിരയായത്. നാട്ടിലെ ബന്ധുക്കൾക്ക് പണം അയക്കാൻ മറയൂർ എസ്.ബി.ഐ. ബ്രാഞ്ചിലെത്തിയ ദുരൈരാജിനോട് തിരക്കായതിനാൽ ബാങ്കിനോട് ചേർന്നുള്ള എ.ടി.എം. ഡിപ്പോസിറ്റ് മെഷീനിൽ നിക്ഷേപിക്കാൻ ബാങ്ക് അധികൃതർ പറഞ്ഞു. എ.ടി.എം. കൗണ്ടറിലെത്തിയ ദുരൈരാജിന് പണം മെഷീനിൽ നിക്ഷേപിക്കാൻ അറിയാഞ്ഞതിനാൽ സമീപത്തുണ്ടായിരുന്ന ഒരാളിനോട് സഹായം അഭ്യർഥിച്ചു.ഇയാൾ ദുരൈരാജിന്റെ എ.ടി.എം. കാർഡ് വാങ്ങി പിൻനമ്പർ ചോദിച്ചറിഞ്ഞ് രണ്ടുതവണയായി പണം നിക്ഷേപിച്ചു.
ബാലൻസ് നോക്കാൻ നിർദേശിച്ചപ്പോൾ ബാലൻസ്‌തുക നോക്കി പറഞ്ഞുകൊടുക്കുകയുംചെയ്തു. പിന്നീട് ദുരൈരാജ് അറിയാതെ ഇയാൾ കൈവശമുണ്ടായിരുന്ന എ.ടി.എം. കാർഡ് ദുരൈരാജിന് നൽകി പകരം ദുരൈരാജിന്റെ കാർഡുമായി കടന്നു. ഇത് അറിയാതെ ദുരൈരാജ് വീട്ടിലേക്ക് തിരിച്ചുപോവുകയുംചെയ്തു. വെള്ളിയാഴ്ച രാവിലെ വീണ്ടും ദുരൈരാജ് ബാങ്കിലെത്തിയപ്പോഴാണ് കാർഡ് മാറിയത് ശ്രദ്ധിച്ചത്. അക്കൗണ്ട് പരിശോധിച്ചപ്പോൾ വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി 74,000 രൂപ പിൻവലിച്ചതായി കണ്ടെത്തുകയായിരിന്നു.