ബംഗളൂരു: കൊലയാളിയുടെ പ്രസംഗത്തിന് മരിച്ചവര്‍ മാത്രമേ കൈയടിക്കൂവെന്നും അതുകൊണ്ട് തനിക്ക് സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ കഴിയില്ലെന്നും നടന്‍ പ്രകാശ് രാജ്. ‘അണ്‍ഹാപ്പി ഇന്‍ഡിപെന്‍ഡന്‍സ് ഡേ’ എന്ന ഹാഷ് ടാഗോടെ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. നമ്മുടെ സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുകയും കുട്ടികള്‍ അനാഥരാകുകയും ന്യൂനപക്ഷം ബുള്‍ഡോസര്‍ രാജിന് ഇരകളാകുകയും ചെയ്യുന്നിടത്ത് എങ്ങനെയാണ് സ്വാതന്ത്ര്യദിനം ആഘോഷിക്കുക. കപടദേശീയതയെ ആഘോഷിക്കാന്‍ കഴിയില്ലെന്നും നിങ്ങളുടെ ആഘോഷത്തില്‍ പങ്കുചേരാനില്ലെന്നും നടന്‍ കുറിപ്പില്‍ വ്യക്തമാക്കി
‘വീടുകളില്‍ മരിച്ചവര്‍ അടക്കത്തിനായി കാത്തിരിക്കുമ്പോള്‍, കൊള്ളക്കാരുടെ ഘോഷയാത്ര വീട്ടുമുറ്റത്തുകൂടി കടന്നുപോകുമ്പോള്‍ എനിക്ക് നിങ്ങളുടെ ആഘോഷത്തില്‍ പങ്കുചേരാനാകില്ല. ഓരോ വീടും ശ്മശാനമാകുമ്പോള്‍, നിങ്ങള്‍ക്ക് പതാക ഉയര്‍ത്താമോ? ബുള്‍ഡോസറുകള്‍ ദേശഭക്തി ഉണര്‍ത്തുമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടോ? രാജ്യത്തോടൊപ്പം ഞാനും കരയുമ്പോള്‍, എങ്ങനെ നിങ്ങള്‍ക്കൊപ്പം ആഘോഷിക്കാനാകും’ -പ്രകാശ് രാജ് പറയുന്നു.