ശ്രീനഗർ : ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതിന്റെ ഏഴാം വാർഷികദിനമായ ബുധനാഴ്ച പ്രതിഷേധങ്ങളും ആഘോഷവും നിറഞ്ഞതായി. ഭരണകക്ഷിയായ നാഷണൽ കോൺഫറൻസ്, പി.ഡി.പി., കോൺഗ്രസ് തുടങ്ങിയ പാർട്ടികൾ കരിദിനമാചരിച്ച് പ്രതിഷേധിച്ചു. ബി.ജെ.പി.യും അനുകൂല സംഘടനകളും വിപുലമായ ആഘോഷങ്ങൾ നടത്തി. ജമ്മു-കശ്മീരിലുടനീളം കടുത്ത സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തി. ശ്രീനഗറിലെ നാഷണൽ കോൺഫറൻസ് ആസ്ഥാനത്ത് മന്ത്രി സകീന ഇറ്റുവിന്റെ നേതൃത്വത്തിൽ വൻ പ്രതിഷേധമാർച്ച് നടന്നു. മാർച്ച് പോലീസ് തടഞ്ഞു.
ഏഴുവർഷം പിന്നിട്ടിട്ടും ജനങ്ങളുടെ മുറിവുകൾ ഉണങ്ങിയിട്ടില്ലെന്ന് ജമ്മു-കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞു. ജമ്മു-കശ്മീരിന് സംസ്ഥാനപദവി തിരികെനൽകുമെന്ന കേന്ദ്രവാഗ്ദാനം പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പി.ഡി.പി. അധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തിയുടെ നേതൃത്വത്തിൽ ശ്രീനഗറിൽ മെഴുകുതിരി കൈയിലേന്തി പ്രതിഷേധമാർച്ചും ധർണയും നടത്തി. ഇതിനിടെ, പി.ഡി.പി. പ്രസിഡന്റ് മെഹബൂബ മുഫ്തി ദേശീയപതാക തലകീഴായി പ്രദർശിപ്പിച്ചുവെന്നത് വിവാദമായി.
ഇത് തള്ളി ജമ്മു-കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള രംഗത്തെത്തി. സംഭവം കരുതിക്കൂട്ടി ചെയ്തതല്ല, മനഃപൂർവമല്ലാത്ത പിഴവാണെന്ന് അദ്ദേഹം വ്യക്തമാക്കി. ചൊവ്വാഴ്ച വൈകീട്ട് ശ്രീനഗറിലെ പി.ഡി.പി. ആസ്ഥാനത്തുനടന്ന പ്രകടനത്തിനിടെയാണ് മെഹബൂബ ദേശീയപതാക തലകീഴായി പിടിച്ചത്. ശ്രീനഗറിലെ ബി.ജെ.പി. ഓഫീസിൽ കേക്ക് മുറിച്ചും അനന്ത്നാഗിൽ ത്രിവർണപതാകറാലി നടത്തിയും ബി.ജെ.പി. പ്രവർത്തകർ ആഘോഷിച്ചു.




























