പത്തനംതിട്ട : മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള പ്രത്യേക ട്രെയിനില്‍ ശനിയാഴ്ച്ച രാത്രിയോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പത്തനംതിട്ട ജില്ലക്കാരായ 80 പേരെത്തി. എറണാകുളം, കോട്ടയം, തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനുകളില്‍ ഇറങ്ങിയ ഇവരില്‍ 73 പേരെ കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലാക്കി.
ശനിയാഴ്ച്ച വൈകിട്ട് ആറിന് എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ട്രെയിനില്‍ നിന്ന് പത്തനംതിട്ട ജില്ലക്കാരായ അഞ്ചു സത്രീകളും രണ്ടു പുരുഷന്‍മാരും അടക്കം ഏഴു പേര്‍ ഇറങ്ങി. ഇവരെല്ലാം ടാക്‌സികളില്‍ വീടുകളില്‍ എത്തി നിരീക്ഷണത്തില്‍ പ്രവേശിച്ചു.
ട്രെയിന്‍ രാത്രി 8.30ന് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ പത്തനംതിട്ട ജില്ലക്കാരായ 27 സ്ത്രീകളും 34 പുരുഷന്‍മാരും 11 കുട്ടികളും അടക്കം 72 പേര്‍ ഇറങ്ങി. ഇവരെ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ രാത്രി 11 ഓടെ പത്തനംതിട്ടയിലെത്തിച്ചു. 72 പേരെയും കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലാക്കി. ഈ ട്രെയിനില്‍ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഇറങ്ങിയത് പത്തനംതിട്ട ജില്ലക്കാരനായ ഒരാളാണ്. ഇയാളെ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാക്കി.