ചാലക്കുടി: കുഴിക്കാട്ടുശ്ശേരിയില്‍ തനിച്ച് താമസിക്കുന്ന 80കാരിയെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ ആളെ മണിക്കൂറുകള്‍ക്കകം പിടികൂടി. മലപ്പുറം ചേലേമ്പ്ര കാക്കഞ്ചേരി നീലേടത്ത് കാവുംകര എടത്തനാംതൊടി വീട്ടില്‍ മുഹമ്മദ് ഷാഫിയാണ് (39) പിടിയിലായത്. ആളൂര്‍ സ്വദേശിയുടെ ഇറച്ചിക്കടയില്‍ ജോലിക്കെത്തിയ മുഹമ്മദ് ഷാഫി വയോധികയുടെ തറവാടിനടുത്താണ് വാടകക്ക് താമസിക്കുന്നത്. വയോധിക തനിച്ച് താമസിക്കുന്നതറിഞ്ഞ് കവര്‍ച്ച ആസൂത്രണം ചെയ്തതാണെന്ന് പോലീസ് പറഞ്ഞു.
കവര്‍ച്ചയുടെ വിവരം ഏറെ നേരത്തിനുശേഷമാണ് പുറത്തറിഞ്ഞത്. തൃശൂര്‍ റൂറല്‍ എസ്.പി ആര്. വിശ്വനാഥിന്റെ നിര്‍ദേശപ്രകാരം ചാലക്കുടി ഡിവൈ.എസ്.പി സി.ആര്. സന്തോഷും സംഘവും ഉടന്‍ സ്ഥലത്തെത്തി പരിശോധിച്ച് അന്വേഷണം തുടങ്ങി. പരിസരത്തുനിന്ന് മാറിത്താമസിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ചതാണ് അന്വേഷണം മുഹമ്മദ് ഷാഫിയില്‍ കേന്ദ്രീകരിക്കാന്‍ കാരണമായത്.
ഇയാളുടെ ഫോണ്‍ നമ്പര്‍ ശേഖരിച്ച് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. ഇത് കൂടുതല്‍ സംശയത്തിനിടയാക്കി. തുടര്‍ന്ന് ഇയാളെ സംബന്ധിച്ച വിവരങ്ങള്‍ ത്വരിതഗതിയില്‍ സംഘടിപ്പിച്ച അന്വേഷണസംഘം പിന്തുടര്ന്ന് പട്ടിക്കാടെത്തുമ്പോള് കര്‍ണാടകയിലെ ബല്‍ത്തങ്ങാടിയിലേക്ക് യാത്രക്കുള്ള തയാറെടുപ്പിലായിരുന്നു. ചോദ്യം ചെയ്യലില്‍ പരസ്പരവിരുദ്ധമായാണ് മറുപടി പറഞ്ഞത്. ശാസ്ത്രീയ ചോദ്യം ചെയ്യലിനൊടുവില്‍ കുറ്റം സമ്മതിച്ചു.
മോഷ്ടിച്ച ആഭരണങ്ങളും പണവും കണ്ടെടുത്തു. ആളൂര്‍ സി.ഐ എം. ദിനേശ് കുമാര്‍, എസ്.ഐ എ.വി. സത്യന്, പ്രത്യേക അന്വേഷണ സംഘത്തിലെ എ.എസ്.ഐമാരായ ജിനുമോന്‍ തച്ചേത്ത്, റോയ് പൗലോസ്, പി.എം. മൂസ, സീനിയര്‍ സി.പി.ഒമാരായ വി.യു. സില്‍ജോ, എ.യു. റെജി, ഷിജോ തോമസ്, ഹൈടെക് സെല്‍ ഉദ്യോഗസ്ഥന് രജീഷ്, ആളൂര്‍ സ്റ്റേഷനിലെ എ.എസ്.ഐമാരായ ജോഷി, ദാസന് എന്നിവരാണ് ഉണ്ടായിരുന്നത്.