കളമശ്ശേരി: വീട്ടില്‍ ഒറ്റക്കായിരുന്ന വയോധികയെ പീഡിപ്പിക്കാന്‍ ശ്രമം. ഒച്ചവെച്ചതോടെ യുവാക്കള്‍ ഓടിമറഞ്ഞു. കളമശ്ശേരി കൂനംതൈ പ്രദേശത്ത് മരുമകളും പേരക്കിടാവിനുമൊപ്പം താമസിച്ചുവന്ന 82കാരിയെയാണ് രണ്ട് യുവാക്കള്‍ ചേര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ചത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. ഒറ്റക്കായിരുന്ന വയോധിക ഉച്ചഭക്ഷണം കഴിഞ്ഞ് മുറിയില്‍ വിശ്രമിക്കുന്നതിടെ അകത്ത് കയറിയ യുവാക്കളില്‍ ഒരാള്‍ വട്ടംപിടിച്ച് മറ്റൊരു മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി.
ഈ സമയം വയോധിക കരഞ്ഞ് ഒച്ചവെച്ചതോടെ യുവാക്കള്‍ വീടിന് പിന്നിലൂടെ ഓടിമറഞ്ഞു. പുറത്തിറങ്ങി വയോധിക അയല്‍വാസികളെ അറിയിച്ചതനുസരിച്ച് ഉടന്‍ വിവരം പൊലീസില്‍ അറിയിച്ചു. പോലീസെത്തി പ്രദേശത്ത് അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്താനായില്ല. സമീപത്തെ കാടുകയറിയ ഒഴിഞ്ഞ പറമ്പ് ലഹരി ഉപയോഗിക്കുന്നവരുടെ കേന്ദ്രമാണെന്ന് പോലീസ് കണ്ടെത്തി. ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.