പന്തീരാങ്കാവ് : പന്തീരാങ്കാവ് സ്റ്റേഷനിലെ ഒന്‍പത് പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് എസ്.ഐമാരും രണ്ടു വനിതാ പോലീസുകാരുമടക്കമുള്ളവര്ക്കാണ് പോസിറ്റിവായത്. രണ്ടുപേര്‍ നേരത്തേ കോവിഡ് ബാധിച്ചവരാണ്. ഒന്‍പതു പേരും രണ്ടാം ഡോസ് പ്രതിരോധ കുത്തിവെപ്പെടുത്ത് ഒരു മാസം പൂര്‍ത്തിയായവരുമാണ്. മെഗാ ക്യാമ്പിന്റെ ഭാഗമായാണ് പോലീസുകാര്‍ പരിശോധന നടത്തിയത്. ആര്‍ക്കും മറ്റു ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല.
ഏപ്രില്‍ 16നു നടത്തിയ പരിശോധനയുടെ ഫലം ആറു ദിവസത്തിനു ശേഷം പുറത്ത് വരുമ്പോഴാണ് ഇത്രയും പേര്‍ക്ക് പോസിറ്റിവ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പന്തീരാങ്കാവ് സ്റ്റേഷന് പരിധിയിലെ ഒളവണ്ണ, പെരുമണ്ണ പഞ്ചായത്തുകള്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനാല്‍ പോലീസുകാര്‍ മുഴുവന്‍ സമയവും ജോലിയിലാണ്. ഇവിടത്തെ മൂന്നിലൊരു ഭാഗത്തെയും കോവിഡ് നിയന്ത്രണങ്ങള്‍ക്കായാണ് നിയോഗിച്ചത്. അതിനാല്‍ രോഗം സ്ഥിരീകരിച്ചവര്‍ക്ക് വലിയ സമ്പര്‍ക്കമുണ്ടാവാന്‍ സാധ്യതയേറെയാണ്. നിലവില്‍ പന്തീരാങ്കാവ് സ്റ്റേഷനില്‍ 33 പേരാണുള്ളത്. പോലീസ് സാന്നിധ്യം അനിവാര്യമായ സമയത്ത് ഒന്‍പതു പേര് അവധിയിലാവുന്നത് സ്റ്റേഷന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന ആശങ്കയുണ്ട്.