തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിൽ കുറവില്ല. ഇന്നലത്തെ വൈദ്യുതി ഉപയോഗം 97.95 ദശലക്ഷം യൂണിറ്റ്. പീക്ക് ടൈം ആവശ്യകത 4785 മെഗാവാട്ട്. ഇന്നലെ നിയന്ത്രണം വേണ്ടി വന്നത് രണ്ട് തവണയാണ്. ഇന്ന് വൈദ്യുതി ഉപയോഗം കുറഞ്ഞേക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. വൈദ്യുതി ലഭ്യത ഉറപ്പായില്ലെങ്കിൽ നിയന്ത്രണം വേണ്ടി വരും. ഇന്നും 900 മെഗാവാട്ട് കുറവ് ഉണ്ടായേക്കും. ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യത്തിൽ വൈകുന്നേരം 6.15 മുതൽ രാത്രി 12.45 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ന് ഏകദേശം 700 മുതൽ 900 മെഗാവാട്ട് വരെ വൈദ്യുതിയുടെ ലഭ്യതക്കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു.
മഴക്കുറവും ഉയർന്ന അന്തരീക്ഷ താപനിലയും തുടരുന്നതിനാൽ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡ് നിലയിൽ തുടരുകയാണ്. മുൻകാലങ്ങളിലെ സെപ്റ്റംബർ മാസത്തെ ഡിമാൻഡുമായി താരതമ്യം ചെയ്യുമ്പോൾ നിലവിൽ ഏകദേശം 1200 മെഗാവാട്ട് വരെ വർധനവാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്താകെ വൈദ്യുതിയുടെ ആവശ്യകത വൻതോതിൽ ഉയർന്നതിനെത്തുടർന്ന് പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ അളവിലും കാര്യമായ ഇടിവുണ്ടായിട്ടുണ്ട്.






























