ഹുമ്‌നാബാദ്: മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വിഷപാമ്പ് പരാമര്‍ശത്തിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് 91 തവണ തനിക്ക് നേരെ അസഭ്യ വാക്കുകള്‍ പ്രയോഗിച്ചുവെന്ന് നരേന്ദ്ര മോദി പറഞ്ഞു. സവര്‍ക്കറേയും അംബേദ്കറെ പോലും കോണ്‍ഗ്രസ് അധിക്ഷേപിച്ചുവെന്നും മോദി കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് പറഞ്ഞു. ഈ അസഭ്യങ്ങളോട് ജനങ്ങള്‍ വോട്ടിന്റെ ഭാഷയില്‍ മറുപടി നല്‍കുമെന്നും സംസ്ഥാനത്ത് താമര വിരിയുമെന്നും മോദി പറഞ്ഞു.
‘ഇപ്പോള്‍ ഈ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് എന്നെ അസഭ്യ വാക്കുകള്‍ വിളിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ആരോ ഈ വാക്കുകളുടെ ഒരു പട്ടിക തയാറാക്കിയിട്ടുണ്ട്. എന്നിട്ടത് എനിക്ക് തന്നു. ഇതുവരെ എന്നെ 91 തവണ വിവിധ അസഭ്യവാക്കുകള്‍ വിളിച്ചുകഴിഞ്ഞു. എന്നെ അധിക്ഷേപിക്കാന്‍ വേണ്ടി കോണ്‍ഗ്രസ് ഈ അസഭ്യവാക്കുകളുടെ ഡിക്ഷണറിയില്‍ മുങ്ങിത്തപ്പുന്ന നേരത്ത് നല്ല ഭരണത്തിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഉത്സാഹം വര്‍ധിപ്പിക്കാനും ഉപയോഗിച്ചിരുന്നെങ്കില്‍ ഇന്ന് കോണ്‍ഗ്രസിന് ഈ ദുര്‍ഗതി വരില്ലായിരുന്നു’- നരേന്ദ്ര മോദി പറഞ്ഞു.