പട്ന: ബിഹാറിലെ കിഴക്കൻ ചമ്പാരൻ ജില്ലയിൽ സദർ ആശുപത്രിയിൽ കടിച്ച വിഷപ്പാമ്പിനെ പെട്ടിയിലാക്കി ചികിത്സ തേടിയെത്തിയ യുവാവിന്റെ പ്രവൃത്തി ആശുപത്രിയിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. പാമ്പ് കടിയേറ്റ പരിഭ്രാന്തികൾക്കിടയിലും തന്നെ ഉപദ്രവിച്ച ജീവിയെ പിടികൂടി പെട്ടിയിലാക്കി ഡോക്ടർമാരുടെ മുന്നിലെത്തിച്ച നിർഭയ് കുമാർ എന്ന യുവാവിന്റെ സാഹസം സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഒരു ചെറിയ മൂർഖൻ പാമ്പിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് നിർഭയ്ക്ക് കടിയേറ്റത്.
സാധാരണയായി പാമ്പ് കടിയേറ്റാൽ ആളുകൾ പരിഭ്രാന്തരാകാറുണ്ടെങ്കിലും, നിർഭയ് ആ പാമ്പിനെ പിടികൂടി ഒരു ചെറിയ പാത്രത്തിലടച്ച ശേഷം നേരെ ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു. ആശുപത്രിയിലെത്തിയ നിർഭയ് തനിക്ക് ചികിത്സ നൽകുന്ന ഡോക്ടർമാർക്ക് മുന്നിൽ പാമ്പിനെ കാണിക്കാനായി പാത്രം തുറന്നതോടെ അവിടെയുണ്ടായിരുന്നവർ പരിഭ്രാന്തരായി. രോഗികളും കൂട്ടിരിപ്പുകാരും ആശുപത്രി ജീവനക്കാരും ഓടിമാറി. ഇതിന്റെ ദൃശ്യങ്ങൾ സമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്.
ഡോക്ടർമാർ ഉടൻ തന്നെ നിർഭയ്ക്ക് പ്രഥമശുശ്രൂഷ നൽകുകയും വിദഗ്ധ ചികിത്സ ആരംഭിക്കുകയും ചെയ്തു. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെങ്കിലും മുൻകരുതൽ എന്ന നിലയിൽ 12 മണിക്കൂർ നിരീക്ഷണത്തിൽ തുടരണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. ഇത്തരത്തിൽ പാമ്പിനെ പിടികൂടാൻ ശ്രമിക്കുന്നത് അതീവ അപകടകരമാണെന്നും ആരും ഇത് അനുകരിക്കരുതെന്നും ഡോക്ടർമാർ പൊതുജനങ്ങൾക്ക് കർശന മുന്നറിയിപ്പ് നൽകി. പാമ്പിനെ പിടിക്കാൻ ശ്രമിക്കുന്നത് കൂടുതൽ പരിക്കുകൾക്കും മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്നതിനും കാരണമാകുമെന്ന് അവർ ചൂണ്ടിക്കാട്ടി. പാമ്പ് കടിയേറ്റാൽ സമയം കളയാതെ എത്രയും വേഗം രോഗിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുക എന്നതിനാണ് പ്രഥമ പരിഗണന നൽകേണ്ടതെന്നും വിദഗ്ധർ ഓർമ്മിപ്പിച്ചു.






























