1996 ജൂലൈ 29 വൈകിട്ട് 3:50 : റാന്നിയെ രണ്ടായി വിഭജിച്ചുകൊണ്ട് വലിയപാലം പമ്പാനദിയില്‍ പതിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: ​1996 ജൂലൈ 29 വൈകിട്ട് 3:50. പ്രകൃതിപോലും കനത്ത മഴയിൽ വിറങ്ങലിച്ചു നിന്ന സമയം. പമ്പാനദി ഇരുകരമുട്ടി ഒഴുകുകയായിരുന്നു. റാന്നിയുടെ ദൈനംദിന ജീവിതത്തെ കൂട്ടിയോജിപ്പിച്ചിരുന്ന പ്രധാന കണ്ണിയായ റാന്നി പാലം, വിദ്യാർത്ഥികളടക്കം നിറഞ്ഞ യാത്രക്കാരുമായി പോയ സ്വകാര്യ ബസ് കടന്നുപോയ തൊട്ടടുത്ത നിമിഷം അതിഭീകരമായ ശബ്ദത്തോടെ പമ്പാനദിയിലേക്ക് പതിച്ചു. ജൂലൈ 30-ന്റെ പ്രഭാതത്തിൽ പത്രം തുറന്നുപിടിച്ച മലയാളി സമൂഹം ഞെട്ടലോടെയാണ് ആ വാർത്ത വായിച്ചറിഞ്ഞത്. റാന്നിക്കാരുടെ മനസിൽ ഇന്നും മായാതെ നിൽക്കുന്ന ആ കറുത്ത ദിനത്തിന് നാളെ മുപ്പത് വർഷങ്ങൾ തികയുന്നു. ​പാലത്തിന്റെ അടിത്തറയിലെ ബലക്ഷയം മൂലമായിരുന്നു ദുരന്തം. അപകടസമയത്ത് പാലത്തിൽ മറ്റ് വാഹനങ്ങളൊന്നും ഇല്ലാതിരുന്നതും പെരുമ്പുഴ ഭാഗത്തുനിന്ന് കയറിയ കാറും സ്കൂട്ടറും പെട്ടെന്ന് പിന്നോട്ടെടുത്ത് രക്ഷപെട്ടതും വൻ ദുരന്തം ഒഴിവാക്കി.

​പഴവങ്ങാടി, അങ്ങാടി, റാന്നി എന്നീ മൂന്ന് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ചിരുന്ന ഏക പാലം തകർന്നതോടെ റാന്നി രണ്ടായി വിഭജിക്കപ്പെട്ടു. പമ്പാനദിയുടെ മറുകരയെത്താൻ ചെറുകോൽപ്പുഴ വഴിയോ അത്തിക്കയം വഴിയോ 10 കിലോമീറ്ററോളം അധികം ചുറ്റി സഞ്ചരിക്കേണ്ട സ്ഥിതിയായി. പുനലൂർ – മൂവാറ്റുപുഴ റോഡിലെ ദീർഘദൂര സർവീസുകളെല്ലാം ഇതോടെ താറുമാറായി. ​കണക്റ്റിവിറ്റി നിലച്ചതോടെ ദുരിതത്തിലായ ജനങ്ങൾക്ക് കടത്തുവള്ളങ്ങളായിരുന്നു ആശ്രയം. എന്നാൽ വള്ളം മറിഞ്ഞ് ഒരാൾ മരണപ്പെട്ടതോടെ ജങ്കാർ, ബോട്ട് സർവീസുകൾ ആരംഭിച്ചു. തുടർന്ന് അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരും മുൻ എം.എൽ.എ രാജു എബ്രഹാമും മുൻകൈയെടുത്ത് ഡൽഹിയിലെത്തി നടത്തിയ ഇടപെടലുകൾക്കൊടുവിൽ സൈന്യത്തിന്റെ ‘ബെയ്‌ലി പാലം’ റാന്നിയിലണഞ്ഞു.  വെറും നാല് ദിവസം കൊണ്ട് പട്ടാളം നിർമ്മിച്ച ബെയ്‌ലി പാലത്തിലൂടെ ചെറുവാഹനങ്ങൾ ഓടിത്തുടങ്ങിയത് പ്രദേശവാസികൾക്ക് വലിയ ആശ്വാസമായി.

അന്ന് പെരുമ്പുഴയിൽ നിന്ന് ഇട്ടിയപ്പാറയിലേക്ക് യാത്രക്കാരെ എത്തിക്കാൻ ബെന്നിച്ചൻ എന്ന നാട്ടുകാരൻ ഓടിച്ചിരുന്ന ‘അക്കരെയക്കരെ’ എന്ന 10 സീറ്റർ പാസഞ്ചർ ഓട്ടോ റാന്നിക്കാരുടെ യാത്രാദുരിതത്തിൽ വലിയൊരു തുരുത്തായിരുന്നു. ​പാലത്തിന്റെ തകർച്ച റാന്നിക്ക് ദുരന്തമായിരുന്നെങ്കിലും ഗ്രാമീണ മേഖലയിലെ റോഡ് വികസനത്തിന് അത് വഴിതുറന്നു. ശബരിമല തീർത്ഥാടനകാലം മുന്നിൽ കണ്ട് കരിങ്കല്ലുംമൂഴി – കണമല – പ്ലാപ്പള്ളി റോഡും, മുക്കട – ഇടമൺ – അത്തിക്കയം വഴിയുള്ള റോഡുകളും വികസിപ്പിച്ച് ഗതാഗതം തിരിച്ചുവിട്ടു. തടസ്സപ്പെട്ട ദീർഘദൂര ബസുകൾ പലതും ഗ്രാമീണ മേഖലകളിലേക്ക് പെർമിറ്റ് മാറ്റിയതോടെ ഒറ്റപ്പെട്ടു കിടന്നിരുന്ന പ്രദേശങ്ങളുടെ യാത്രാക്ലേശം പരിഹരിക്കപ്പെട്ടു.

​തുടർന്ന് ഭഗീരഥ കമ്പനി ഏറ്റെടുത്ത പുതിയ പാലത്തിന്റെ നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ ഒരു വർഷം കൊണ്ട് പൂർത്തിയാക്കി. 1998-ൽ അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാർ പുതിയ പാലം നാടിന് സമർപ്പിച്ചു. അന്ന് റാന്നിയിൽ തടിച്ചുകൂടിയത്ര ജനസഞ്ചയം അതിനു മുമ്പോ ശേഷമോ അവിടെ ഉണ്ടായിട്ടില്ലെന്നാണ് പഴമക്കാർ പറയുന്നത്. പഴയ ദുരന്തത്തിന്റെ ഓർമ്മപ്പെടുത്തലായി തകർന്ന പാലത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങൾ ഇന്നും പുതിയ പാലത്തോട് ചേർന്ന് നിൽക്കുന്നുണ്ട്. അതിനിടെ പെരുമ്പുഴ അങ്ങാടി കടവുകളെ ബന്ധിപ്പിച്ച് നിർമ്മാണം ആരംഭിച്ച മറ്റൊരു പാലത്തിന്റെ പണികൾ സ്ഥലമേറ്റെടുപ്പ് വൈകിയതിനെ തുടർന്ന് ഇഴഞ്ഞുനീങ്ങുന്നത് നാട്ടുകാരിൽ ആശങ്കയുയർത്തുന്നുണ്ട്. നദിയിൽ തൂണുകളുടെ നിർമ്മാണം പൂർത്തിയായെങ്കിലും ബാക്കി പണികൾ വേഗത്തിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബി.എം ആന്റ് ബി.സി നിലവാരത്തിൽ റോഡിൽ നിറയെ കുഴികൾ : മന്ദമരുതി – അത്തിക്കയം...

0
​അത്തിക്കയം : ബി.എം ആന്റ് ബി.സി നിലവാരത്തിൽ പുനര്‍നിര്‍മ്മാണം പുരോഗമിക്കുന്ന മന്ദമരുതി...

കാലാവധി കഴിഞ്ഞ സൗന്ദര്യ വർദ്ധക വസ്തു നല്‍കിയതിനെ ചോദ്യം ചെയ്ത വീട്ടമ്മയോട് “എന്നാൽ...

0
തൃശ്ശൂര്‍ : കാലാവധി കഴിഞ്ഞ സൗന്ദര്യ വർദ്ധക വസ്തു വില്പന നടത്തിയെന്നാരോപിച്ച്...

ലഡാക്കിന് പ്രത്യേക പദവി നൽകാൻ കേന്ദ്രം

0
ന്യൂഡൽഹി: ലഡാക്കിന് പ്രത്യേക ഭരണഘടനാപരമായ സംരക്ഷണം നൽകുന്നതിനുള്ള നിർണായക നീക്കവുമായി...

വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ

0
ബെംഗളൂരു: വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ....