അത്തിക്കയം : ബി.എം ആന്റ് ബി.സി നിലവാരത്തിൽ പുനര്‍നിര്‍മ്മാണം പുരോഗമിക്കുന്ന മന്ദമരുതി – കക്കുടുമൺ – അത്തിക്കയം റോഡിന്റെ മധ്യഭാഗം വൻ കുഴികളായി കിടക്കുന്നത് യാത്രക്കാരെയും നാട്ടുകാരെയും വലയ്ക്കുന്നു. കക്കുടുമൺ – നാറാണംമൂഴി മേഖലയിൽപ്പെടുന്ന പേമരുതി ഭാഗത്താണ് റോഡ് തകർന്ന് കാൽനടയാത്ര പോലും ദുഷ്കരമായത്. റോഡ് നവീകരണത്തിന്റെ ഭാഗമായി പ്രദേശത്ത് മെറ്റില്‍ വിരിച്ച ശേഷമുള്ള ഒരു പ്രവൃത്തിയും ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
മറ്റിടങ്ങളിൽ ടാറിംഗ് അടക്കമുള്ള ജോലികൾ പൂർത്തിയായി വരുമ്പോഴും പ്രധാനപ്പെട്ട ഈ ഭാഗം പൂർണ്ണമായി അവഗണിച്ചിരിക്കുകയാണ്. മഴ പെയ്യുന്നതോടെ മെറ്റില്‍ ഇളകി മാറിയ കുഴികളിൽ വെള്ളം കെട്ടിനിന്ന് ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽപ്പെടുന്നത് പതിവായിട്ടുണ്ട്. ജനങ്ങളുടെ ദുരിതം കണക്കിലെടുത്ത് പേമരുതി ഭാഗത്തെ കുഴികളടച്ച് റോഡ് നിർമ്മാണം ഉടൻ പൂർത്തിയാക്കാൻ ബന്ധപ്പെട്ട അധികൃതരും കരാറുകാരും തയ്യാറാകണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.






























