ന്യൂഡൽഹി: ലഡാക്കിന് പ്രത്യേക ഭരണഘടനാപരമായ സംരക്ഷണം നൽകുന്നതിനുള്ള നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ. ഭരണഘടനയിലെ ആർട്ടിക്കിൾ 371 ഭേദഗതി ചെയ്ത് ലഡാക്കിന് പ്രത്യേക പദവി നൽകാനും നിയമനിർമാണ-സാമ്പത്തിക അധികാരങ്ങളുള്ള തിരഞ്ഞെടുക്കപ്പെട്ട സമിതി രൂപീകരിക്കാനുമാണ് കേന്ദ്രം ആലോചിക്കുന്നതെന്നാണ് റിപ്പോർട്ട്. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സംവിധാനം പരീക്ഷിക്കുന്നതെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ നാല് വർഷമായി ലഡാക്കിനായി പ്രത്യേക പദവി ആവശ്യപ്പെട്ടുവരികയാണ്. മണ്ഡലങ്ങളിൽനിന്ന് നേരിട്ട് തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളുള്ള പ്രത്യേക സമിതിക്ക് നിയമനിർമാണ, സാമ്പത്തിക അധികാരങ്ങൾ നൽകുന്നതിനുള്ള തീരുമാനത്തിലേക്ക് സർക്കാർ നീങ്ങുകയാണെന്ന് ലഡാക്ക് ചീഫ് സെക്രട്ടറി ആഷിഷ് കുന്ദ്ര പറഞ്ഞു.
ലഡാക്ക് സബ്കമ്മിറ്റിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും തമ്മിൽ കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. ലഡാക്കിന് ആവശ്യമായ ഭരണഘടനാപരമായ സംരക്ഷണം ഉറപ്പാക്കുന്നതിനായി ആർട്ടിക്കിൾ 371 ഭേദഗതി ചെയ്യുമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. ഒക്ടോബറിൽ നടക്കുന്ന അടുത്ത യോഗത്തിന് മുമ്പായി ഭേദഗതിയുടെ കരട് ആഭ്യന്തര മന്ത്രാലയം തയ്യാറാക്കുമെന്നാണ് പ്രതീക്ഷ.






























