കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ അവതരിപ്പിക്കേണ്ട മാര്‍ഗരേഖയില്‍ പരാമര്‍ശം. എതിരാളികളുടെ പ്രചാരണങ്ങളെ നേരിടാന്‍ സാധിക്കാത്തതിന് കാരണമായത് സംഘടനയിലെ ദൗര്‍ബല്യങ്ങളാണ്. പാര്‍ട്ടി അംഗങ്ങളുടെ നിലവാരം താഴ്ന്നുപോയി. അതേസമയം വിപുലീകൃത സംസ്ഥാന സമിതിയിലെ വിവരങ്ങള്‍ ചോര്‍ന്നാല്‍ കര്‍ശന നടപടിയെടുക്കാനാണ് പാര്‍ട്ടി തീരുമാനം. എല്‍ഡിഎഫ് സര്‍ക്കാര്‍ താരതമ്യേനെ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും പാര്‍ട്ടി ഈ രീതിയില്‍ പരാജയപ്പെട്ടത് സംഘടനയിലെ ദൗര്‍ബല്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നു എന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍.
പാര്‍ട്ടി അംഗങ്ങള്‍ക്ക് സംഘടനാകാര്യങ്ങളിലും പ്രത്യയ ശാസ്ത്രകാര്യങ്ങളിലും കൃത്യമായി വിദ്യാഭ്യാസം നല്‍കണമെന്നാണ് മാര്‍ഗരേഖ നിര്‍ദേശിക്കുന്നത്. ജില്ലാ പ്രതിനിധികള്‍ മാത്രമാണ് യോഗത്തില്‍ പങ്കെടുക്കുക. അതിനാല്‍ ചര്‍ച്ചയിലെ വിവരങ്ങള്‍ ചോരുന്നത് പ്രതിരോധിക്കാന്‍ ജില്ലാ നേതൃത്വങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം കര്‍ശന നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്.






























