തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച് മുൻ ഐഎസ്ആർഒ ചെയർമാൻ ജി മാധവൻനായർ. ഇന്ത്യൻ ബഹിരാകാശ വിപണിയുമായി ബന്ധപ്പെട്ട കണക്കുകള്‍ ഊതിപ്പെരുപ്പിച്ചതാണെന്ന് മാധവൻ നായർ പറഞ്ഞു. യാഥാർത്ഥ്യം ജനങ്ങളെ അറിയിക്കാൻ അധികാരികള്‍ക്ക് ബാധ്യതയുണ്ട്. ഇന്ത്യൻ ബഹിരാകാശ സമ്പദ് വ്യവസ്ഥ ഇപ്പോൾ എട്ട് ബില്യൺ ഡോളറിലേറെ മൂല്യമുള്ളതാണെന്നും 10 വർഷം കൊണ്ട് അത് 40 ബില്യണിലെത്തുമെന്നും കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് പാർലമെന്‍റിൽ പറഞ്ഞിരുന്നു. ആ അവകാശവാദത്തെയാണ് മാധവൻ നായർ ചോദ്യം ചെയ്യുന്നത്. എൻസിൽ മേധാവി നിയമനം വൈകുന്നതിന് പിന്നിൽ അനാവശ്യ ഇടപെടലുകളാണെന്നും പുറമേ നിന്നുള്ള ഇടപെടലുകളിൽ നിന്ന് വകുപ്പിനെ സംരക്ഷിച്ച് നിർത്താൻ നിലവിലെ ചെയർമാന്‍റെ ഭാഗത്ത് നിന്ന് നടപടികളുണ്ടാകണമെന്നും ജി മാധവൻ നായർ ആവശ്യപ്പെട്ടു.
ബഹിരാകാശ രംഗത്ത് സ്റ്റാർട്ടപ്പ് റെവല്യൂഷൻ എന്ന തെറ്റായ ഇമേജാണ് സൃഷ്ടിക്കുന്നത്. ജനങ്ങളെ അതു സംബന്ധിച്ച സത്യം അറിയിക്കേണ്ടതുണ്ട്. ഇന്ത്യൻ ബഹിരാകാശ വിപണി രണ്ട് കൊല്ലം മുൻപേ എട്ട് ബില്യൺ ഡോളറിലേറെ എന്ന് അവകാശപ്പെടുമ്പോൾ രണ്ട് ബില്യണ്‍ ഡോളറിന് താഴെ എന്നാണ് ഇന്‍റർ നാഷണൽ സർവ്വേ റിപ്പോർട്ടുകൾ പറയുന്നത്. ഇത്രയും വ്യത്യാസം എങ്ങനെ വരുന്നു. എട്ട് ബില്യണിന്‍റെ കണക്ക് എവിടെ നിന്നെന്ന് സർക്കാർ വിശദീകരിക്കണം. നമ്മുടെ രാജ്യത്തിന് എന്തു തരത്തിലുള്ള നിരീക്ഷണമാണ് വേണ്ടതെന്ന് മനസ്സിലാക്കി ഐഎസ്ആർഒ നേരത്തെ തന്നെ ഉപഗ്രഹങ്ങൾ വികസിപ്പിച്ചിട്ടുണ്ട്. പ്രകൃതി ദുരന്തങ്ങൾ തടയാനും മറ്റും ഈ ഡാറ്റ കൃത്യമായി വിശകലനം ചെയ്യുന്നില്ല എന്നതാണ് പ്രശ്നം. നാല് മണിക്കൂർ മുൻപ് പ്രവചനം നടത്താൻ കഴിയും വിധം കൃത്യമാണ് നമുക്ക് ലഭിക്കുന്ന ഡാറ്റ.































