കൊഴിഞ്ഞാമ്പാറ : തേനീച്ച കുത്തിയ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ഹൃദയാഘാതം മൂലം മരിച്ചു. മൂങ്കില്‍മട ശിവരാമഭാരതി കോളനി മുരുകേശന്റെ മകള്‍ ആര്‍ത്തി (14) ആണു മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതു മണിയോടെയായിരുന്നു സംഭവം. വീടിനു പുറത്തുവച്ച് തേനീച്ചയുടെ കുത്തേറ്റ് അവശനിലയിലായ പെണ്‍കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
തേനീച്ച കുത്തേറ്റ് പേടിച്ചതോടെ ഹൃദയാഘാതം ഉണ്ടായതാണ് മരണകാരണമെന്നാണു പ്രാഥമിക നിഗമനമെന്നു ഡോക്ടര്‍ പറഞ്ഞതായി കൊഴിഞ്ഞാമ്പാറ എസ്ഐ എസ്. അന്‍ഷാദ് പറഞ്ഞു. എങ്കിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലെ മരണ കാരണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകു. ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം സംസ്ക്കരിച്ചു. അതേസമയം പ്രദേശത്തെ മരങ്ങളില്‍ തേനീച്ചകള്‍ കൂട്ടമായി ഉണ്ടെന്നും രാത്രി വെളിച്ചത്തിലേക്കു വരുന്നതു പതിവാണെന്നും ഇതിനു മുന്‍പും പലര്‍ക്കും കുത്തേറ്റിട്ടുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. ചിത്രയാണ് ആര്‍ത്തിയുടെ അമ്മ. സഹോദരി: കീര്‍ത്തന.