ധാക്ക : അടുത്തകാലത്തായി ബംഗ്ലാദേശ് ചൈനയില്‍ നിന്നും സ്വന്തമാക്കിയ ആയുധങ്ങളില്‍ പലതും ഗുണമേന്മ ഇല്ലാത്തതെന്ന് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ ചൈനയുടെ ട്രെയിനര്‍ എയര്‍ക്രാഫ്റ്റ് സ്വന്തമാക്കിയ ബംഗ്ലാദേശ് പരിശീലന വിമാനത്തില്‍ പലതരം ന്യൂനതകള്‍ കണ്ടെത്തിയതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ വിലിയിരുത്തുന്നു.
വിമാനങ്ങള്‍ക്ക് പുറമേ ചൈനയില്‍ നിന്നും വാങ്ങിയ നാവിക കപ്പലുകളുടെ ഗുണനിലവാരവും ബംഗ്ലാദേശ് പരിശോധനയ്ക്ക് വിധേയമാക്കി. കപ്പല്‍ വേധ തോക്കുകള്‍, കപ്പല്‍ വിരുദ്ധ മിസൈലുകള്‍, ഭൂതല മിസൈലുകള്‍ തുടങ്ങി നിരവധി ആയുധങ്ങളാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബംഗ്ലാദേശ് ചൈനയില്‍ നിന്ന് വാങ്ങിയിട്ടുള്ളത്.
ചൈനീസ് ആയുധങ്ങള്‍ വാങ്ങുന്ന പ്രധാനപ്പെട്ട ഒരു രാജ്യമാണ് ബംഗ്ലാദേശ്. 2016ല്‍ ബംഗ്ലാദേശ് രാജ്യത്തിന്റെ നാവിക ശക്തി വര്‍ദ്ധിപ്പിക്കുന്നതിനായി അന്തര്‍വാഹിനിയും ചൈനയില്‍ നിന്നും സ്വന്തമാക്കിയിരുന്നു. രണ്ട് അന്തര്‍വാഹിനികള്‍ക്കായി 203 മില്യണ്‍ ഡോളറാണ് ചിലവിട്ടത്. ചൈനയില്‍ നിന്നും അടുത്തിടെ ബംഗ്ലാദേശ് സ്വന്തമാക്കിയ ഏഴ് വിമാനങ്ങളില്‍ രണ്ടെണ്ണത്തിന് കഴിഞ്ഞ വര്‍ഷം സാങ്കേതിക പ്രശ്നങ്ങള്‍ കണ്ടെത്തിയിരുന്നെന്നും ലണ്ടന്‍ ആസ്ഥാനമായുള്ള ഒരു തിങ്ക്ടാങ്ക് ഗ്രൂപ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.