കൊടുങ്ങല്ലൂര്‍ : കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ആചാരപൂര്‍വം നടത്താന്‍ ജില്ല ഭരണകൂടം അനുമതി നല്കി. ദിവസങ്ങളോളം നീണ്ടുനിന്ന അനിശ്ചിതത്വത്തിന് ഒടുവിലാണ് അനുമതി ലഭിച്ചത്. താലപ്പൊലിയോടനുബന്ധിച്ച് റോഡിലൂടെയുള്ള ആന എഴുന്നള്ളിപ്പും മറ്റു ചടങ്ങുകളും കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് നടത്താനാണ് അനുമതി.
താലപ്പൊലി നാളുകളില്‍ നാലുദിവസവും പകലും രാത്രിയും തെക്കേനടയിലെ ശ്രീകുരുംബമ്മയുടെ നടയില്‍നിന്ന് പോസ്റ്റ്ഓഫീസ് പരിസരം വരെ ഒരാനയെയും അവിടെനിന്ന് കിഴക്കേനടയിലെ ആനപ്പന്തല്‍ വരെ ഏഴ് ആനകളെയും തുടര്‍ന്ന് ഒമ്പത് ആനകളെയും അണിനിരത്തി എഴുന്നള്ളിപ്പ് നടത്താനാണ് അനുവാദം ലഭിച്ചിട്ടുള്ളത്. തിരുവഞ്ചിക്കുളം ഗ്രൂപ് അസിസ്റ്റന്റ് കമ്മീഷണര്‍ സുനില്‍ കര്‍ത്ത നല്കിയ അപേക്ഷയിലാണ് തീരുമാനം. ക്ഷേത്ര മതില്‍ക്കെട്ടിന് പുറത്ത് ആന എഴുന്നള്ളിപ്പ് അനുവദിക്കാനാകില്ലെന്നായിരുന്നു നേരത്തേ ജില്ല ഭരണകൂടത്തിന്റെ നിലപാട്. ഇതിനെതിരെ പ്രതിഷേധവും ഉയര്‍ന്നിരുന്നു.
താലപ്പൊലി മഹോത്സവത്തിന് മുന്നോടിയായി ക്ഷേത്രത്തിനകത്തും പുറത്തുമായി ചാത്തിരി നമ്പൂതിരിമാരുടെ സംഘക്കളിക്ക് ബുധനാഴ്ച രാത്രി തുടക്കമാകും. വലിയ തമ്പുരാന്റെ അനുമതിയോടെ ആദ്യദിവസം ക്ഷേത്രത്തിനകത്താണ് കളി നടക്കുക. വ്യാഴാഴ്ച പുറത്തായിരിക്കും കളി. വ്യാഴാഴ്ച വൈകീട്ട് ക്ഷേത്രാങ്കണത്തില്‍ ആനച്ചമയ പ്രദര്‍ശനവും ഉണ്ടാകും. വെള്ളിയാഴ്ച വൈകീട്ട് മകര സംക്രാന്തി സന്ധ്യയില്‍ 1001 കതിനകള്‍ മുഴങ്ങുന്നതോടെയാണ് നാലുദിവസം നീണ്ടുനില്‍ക്കുന്ന താലപ്പൊലി മഹോത്സവത്തിന് തുടക്കമാവുക. ഒന്നാം താലപ്പൊലി ദിവസമായ ശനിയാഴ്ച പുലര്‍ച്ച മുതല്‍ കുഡുംബി സമുദായക്കാരുടെ ആടിനെ നടതള്ളലും സവാസിനി പൂജയും മലയരയന്മാരുടെ പരമ്പരാഗത ചടങ്ങുകളും ക്ഷേത്രാങ്കണത്തില്‍ നടക്കും.
ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് ജനുവരി 15ന് പൊയ്യ ഗ്രാമപഞ്ചായത്ത് ഒഴികെയുള്ള കൊടുങ്ങല്ലൂര്‍ താലൂക്ക് പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അധികൃതര്‍ അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയ പ്രകാരമുള്ള പൊതുപരീക്ഷകള്‍ക്കും കേന്ദ്ര- സംസ്ഥാന, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും ഉത്തരവ് ബാധകമല്ല.