തിരുവനന്തപുരം : റെയില്‍വേ വികസന അവഗണനക്കെതിരെ ശബ്ദമുയര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തില്‍നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. അങ്കമാലി – ശബരി പാത, നേമം ടെര്‍മിനല്‍, കൊച്ചുവേളി ടെര്‍മിനല്‍, തലശ്ശേരി – മൈസൂര്‍ പാത, കാഞ്ഞങ്ങാട് – പാണത്തൂര്‍ – കണിയൂര്‍ പാത എന്നിവയിലൊന്നും അനുകൂല പ്രഖ്യാപനമുണ്ടായില്ല. ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനത്തിന്റെ കാര്യത്തിലും അവഗണനയാണ്. അമൃത എക്സ്പ്രസ് രാമേശ്വരംവരെ നീട്ടലും എറണാകുളം – വേളാങ്കണ്ണി റൂട്ടില്‍ പുതിയ ട്രെയിന്‍ അനുവദിക്കുന്ന കാര്യത്തിലും ഇതേ സമീപനമാണ്.
എയിംസ് സ്ഥാപിക്കുന്ന കാര്യത്തില്‍ അനുകൂല പ്രതികരണം ഉണ്ടായില്ല. 2022 ജൂലൈക്ക് ശേഷമുള്ളതും തുടര്‍ന്നുള്ള അഞ്ച് വര്‍ഷങ്ങളിലെയും ജി.എസ്.ടി നഷ്ടപരിഹാരം ലഭിക്കണം. ധനകമീഷന് ശിപാര്‍ശ ചെയ്ത 2022-23 ലേക്കുള്ള 3.5 ശതമാനം ധനകമ്മിക്ക് പകരം നിബന്ധനകള്‍ ഇല്ലാതെ 4.5 ശതമാനം അനുവദിക്കണം. തുറമുഖ ബില്‍, സഹകരണനിയമം, ഡാം സുരക്ഷാ ബില്‍, കന്റോണ്‍മെന്റ് ബില്‍, ഫാക്ടറീസ് റീ – ഓര്ഗനൈസേഷന് മുതലായ പല വിഷയത്തിലും കേന്ദ്രം കൂടിയാലോചന നടത്താതെ നിയമനിര്‍മാണം നടത്തുകയാണ്. ഇത്തരം നീക്കങ്ങളെ എതിര്‍ക്കണം. പ്രവാസി ക്ഷേമത്തിനും പുനരധിവാസത്തിനുമായി ആയിരം കോടിയുടെ പാക്കേജ് അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ യാതൊരു പ്രതികരണവും ഇല്ല. ബി.പി.സി.എല്‍, എല്‍.ഐ.സി സ്വകാര്യവത്കരണത്തിനെതിരെ ഇടപെടണം. എച്ച്.എല്‍.എല്‍ ഉടമസ്ഥത കേന്ദ്രം കൈയൊഴിഞ്ഞാല്‍ ഉടമസ്ഥാവകാശം സംസ്ഥാന സര്‍ക്കാറിന് കൈമാറണമെന്ന ആവശ്യം പാര്‍ലമെന്റില്‍ ഉന്നയിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂര്‍ വിമാനത്താവളത്തില്‍ വിദേശ വിമാന കമ്പനികളുടെ സര്‍വിസുകള്‍ അനുവദിക്കാന്‍ ഇടപെടണം. എമിറേറ്റ്സ്, എത്തിഹാദ്, ഫ്ലൈ ദു, എയര്‍ അറേബ്യ, ഖത്തര്‍ എയര്‍വേസ്, ഒമാന്‍ എയര്‍, സൗദി അറേബ്യന്‍ /സൗദിയ, ഗള്‍ഫ് എയര്‍, എയര്‍ ഏഷ്യ, സില്‍ക്ക് എയര്‍, ശ്രീലങ്കന്‍ എയര്‍ എന്നീ വിമാനകമ്പനികള്‍ സര്‍വിസ് നടത്താന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കയറ്റുമതിയും വിദേശ വ്യാപാരവും പ്രോത്സാഹിപ്പിക്കുന്നതിന് സംയോജിത എയര്‍ കാര്‍ഗോ കോംപ്ലക്സും പണിതു. എന്നാല്‍ പോയന്റ് ഓഫ് കോള്‍, ഓപണ്‍ സ്കൈ പോളിസി എന്നിവയുടെ കാര്യത്തില്‍ നിഷേധാത്മക നിലപാടാണ് കേന്ദ്രത്തിന്റേത്. വിദേശ വിമാന കമ്പനികളെ പ്രവേശിക്കാന്‍ അനുവദിക്കാത്തത് വിമാനത്താവള നിലനില്‍പ്പിനെ ബാധിക്കും. കോഴിക്കോട് വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് 152.5 ഏക്കര്‍ ഭൂമി വിമാനത്താവളം സ്വകാര്യവത്കരിക്കില്ല എന്ന നിബന്ധനയോടെ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാര്‍, എം.പിമാര്‍, ചീഫ് സെക്രട്ടറി ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.