പാലക്കാട് : സൈലന്റ് വാലി സൈരന്ധ്രി വനത്തില്‍ കാണാതായ വനംവകുപ്പിലെ താല്‍ക്കാലിക വാച്ചര്‍ മുക്കാലി സ്വദേശി രാജനുവേണ്ടിയുള്ള (52) തെരച്ചില്‍ നിര്‍ത്തിയേക്കും. ഇതു സംബന്ധിച്ച് ചൊവ്വാഴ്ച അന്തിമ തീരുമാനമുണ്ടാകും. വനത്തില്‍ മിക്കയിടത്തും തെരച്ചില്‍ നടത്തിയെങ്കിലും രാജനെ കണ്ടെത്താനായിട്ടില്ല. ഈ മാസം മൂന്നാം തീയതി രാത്രിയാണ് രാജനെ കാണാതായത്. വനത്തില്‍ ഇനി തെരച്ചില്‍ നടത്തിയതുകൊണ്ട് കാര്യമില്ലെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്. രാജനെ കണ്ടെത്താനായി എഴുപതോളം ക്യാമറകള്‍ പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. കനത്ത മഴകൂടിയായതോടെ തെരച്ചില്‍ അസാധ്യമായിരിക്കുകയാണ്.
മേയ് മൂന്നാം തീയതി രാത്രി എട്ടോടെയാണ് സൈരന്ധ്രി വനം വകുപ്പ് ഷെഡിന് സമീപത്ത് നിന്നും വാച്ചര്‍ രാജനെ കാണാതായത്. മൃഗങ്ങള്‍ താമസിക്കാന്‍ ഇടയുളള ഗുഹകളില്‍ വരെ തിരച്ചില്‍ നടത്തിയെങ്കിലും ഒരു സൂചനയും ലഭിച്ചില്ല. സൈരന്ധ്രിയില്‍ ജോലിയിലായിരുന്ന രാജന് മൂന്നാം തീയതി രാത്രി ഭക്ഷണം കഴിഞ്ഞ് താമസസ്ഥലത്ത് ഉറങ്ങാന്‍പോയി. ബുധനാഴ്ച രാവിലെ സഹപ്രവര്‍ത്തകര്‍ നോക്കിയപ്പോള്‍ രാജനെ കണ്ടില്ല. പുറത്ത് ചെരിപ്പും ടോര്‍ച്ചും കുറച്ചുമാറി ഉടുത്തിരുന്ന മുണ്ടും കണ്ടെത്തി. ഏതെങ്കിലും വന്യമൃഗങ്ങളുടെ ആക്രമണത്തിന് രാജന് ഇരയായിട്ടുണ്ടാകുമോ എന്ന സംശയമുണര്ന്നിരുന്നുവെങ്കിലും മൃഗങ്ങള്‍ ആക്രമിച്ചിരുന്നെങ്കില്‍ സംഭവസ്ഥലത്ത് ചോരപ്പാടുകളോ മറ്റുള്ള അടയാളങ്ങളോ അവശേഷിക്കുമായിരുന്നുവെന്ന് വനപാലകര്‍ പറയുന്നു.
മാത്രമല്ല വന്യമൃഗങ്ങള്‍ ആക്രമിച്ചിട്ടുണ്ടെങ്കില്‍ 500 മീറ്റര്‍മുതല്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ മാത്രമെ ഇരയെ കൊണ്ടുപോകുകയുള്ളൂവെന്ന് അധികൃതര്‍ പറയുന്നു. ഈ ചുറ്റളവിലെല്ലാം പരിശോധന നടത്തിയെങ്കിലും അവശേഷിപ്പുകളൊന്നും ഈ ദൂരപരിധിക്കുള്ളില്‍ കാണാത്തതിനാലാണ് വന്യമൃഗ ആക്രമണസാധ്യത കുറവാണെന്ന് വനപാലകര്‍ പറഞ്ഞത്. വയനാട്ടില്‍ നിന്നെത്തിയ ട്രാക്കേഴ്സ്, പോലീസ്, തണ്ടര്‍ബോള്‍ട്ട്, വനംവകുപ്പ്, ഡോഗ് സ്ക്വാഡ് എന്നിവരടക്കമുള്ളവര്‍ ഇക്കഴിഞ്ഞ പത്തുദിവസത്തിലേറെയായി വനത്തിനകത്ത് തെരച്ചില്‍ നടത്തിയിരുന്നു. തമിഴ്നാട്ടിലേക്ക് വരെ തെരച്ചില്‍ വ്യാപിപ്പിച്ചിരുന്നു.