ദമ്മാം : സൗദിയില്‍ കാണാതായ മലയാളി വനിതയെ കണ്ടെത്തി നാട്ടിലയച്ചു. സൗദി അറേബ്യയില്‍ വീട്ടുജോലിക്ക് എത്തി കാണാതായ മലയാളി വനിതയെ സാമൂഹിക പ്രവര്‍ത്തകര്‍ കണ്ടെത്തി നാട്ടിലയച്ചു. തൃശൂര്‍ മതിലകം സ്വദേശിനി ഹനീഫ ഫാത്തിമ മൂന്നര വര്‍ഷം മുമ്പാണ് നാട്ടില്‍നിന്ന് റിയാദിനടുത്തുള്ള അല്‍ഖര്‍ജില്‍ സൗദി പൗരന്റെ വീട്ടില്‍ ജോലിക്കെത്തിയത്. ജോലിസാഹചര്യങ്ങള്‍ മോശമായിരുന്നു. രാപകല്‍ വിശ്രമമില്ലാതെ പണിയെടുപ്പിച്ചെങ്കിലും ആറുമാസം കഴിഞ്ഞിട്ടും രണ്ടു മാസത്തെ ശമ്പളം മാത്രമാണ് ലഭിച്ചത്. സ്പോണ്‍സറോട് പരാതി പറഞ്ഞിട്ടും ഫലമുണ്ടായില്ല. ഒടുവില്‍ സഹികെട്ട് അവിടെനിന്ന് പുറത്തുചാടിയ ഫാത്തിമയെക്കുറിച്ചുള്ള ഒരു വിവരവും പിന്നീട് അവരുടെ ബന്ധുക്കള്‍ക്ക് ലഭിച്ചില്ല.
അവര്‍ പല വഴിക്കും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. നാട്ടിലുള്ള ഫാത്തിമയുടെ മകന് മാധ്യമപ്രവര്ത്തകന് റഫീഖ് റാവുത്തറുമായി ബന്ധപ്പെടുകയും മൂന്നു വര്‍ഷത്തോളമായി ഉമ്മയെ കുറിച്ച് അറിവില്ലെന്നും അവരെ കണ്ടെത്തി നാട്ടിലെത്തിക്കണമെന്നും അഭ്യര്‍ഥിക്കുകയും ചെയ്തു. റഫീഖ് റാവുത്തറാണ് ദമ്മാമിലെ നവയുഗം ജീവകാരുണ്യ വിഭാഗത്തെ വിവരമറിയിച്ചത്. നവയുഗം കേന്ദ്ര രക്ഷാധികാരി ഷാജി മതിലകത്തിന്റെ സഹായത്തോടെ, പത്മനാഭന് മണിക്കുട്ടന്റെ നേതൃത്വത്തില്‍ ജീവകാരുണ്യ വിഭാഗം നടത്തിയ അന്വേഷണത്തിന് ഒടുവില്‍, ഫാത്തിമ ജിദ്ദയില്‍ ഒരു വീട്ടില്‍ ജോലിചെയ്യുന്നതായി കണ്ടെത്തി. നവയുഗം വൈസ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടന് ഫോണില്‍ ബന്ധപ്പെട്ട് സംസാരിച്ചപ്പോള്‍ ഫാത്തിമ തന്റെ അനുഭവകഥ പറഞ്ഞു.
അല്‍ഖര്‍ജിലെ ജോലിസ്ഥലത്തുനിന്ന് പുറത്തുചാടിയ ഫാത്തിമയെ, സാമൂഹിക പ്രവര്ത്തകന് എന്ന വ്യാജേന ഒരാള്‍ ജിദ്ദയില്‍ ചെന്നാല്‍ നാട്ടിലേക്ക് മടങ്ങാനുള്ള ഫൈനല്‍ എക്സിറ്റ് തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞു 2000 റിയാല്‍ വാങ്ങി, ജിദ്ദയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ജിദ്ദയില്‍ എത്തിയപ്പോള്‍ അവരെ ഒരു സ്വദേശിയുടെ വീട്ടില്‍ ജോലിക്കുനിര്‍ത്തി അയാള്‍ തന്ത്രപൂര്‍വം കടന്നുകളയുകയായിരുന്നു. പിന്നീട് മറ്റു വഴിയൊന്നുമില്ലാതെ, ഇത്രയുംകാലം ആ വീട്ടില്‍ ജോലി ചെയ്യുകയായിരുന്നു. പഴയ ഫോണ്‍ നഷ്ടമായതിനാല്‍ നാട്ടിലെ നമ്പറും മറ്റുമില്ലാത്തതിനാല്‍ വീട്ടുകാരുമായി ബന്ധപ്പെടാനും കഴിഞ്ഞിരുന്നില്ല. ഫാത്തിമ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മഞ്ജു മണിക്കുട്ടന് വിവരങ്ങള്‍ ഇന്ത്യന്‍ എംബസിയെ അറിയിക്കുകയും ഫാത്തിമക്ക് എംബസിയില്‍ നിന്നും ഔട്ട്പാസ് ലഭ്യമാക്കുകയും ചെയ്തു.
മഞ്ജു മണിക്കുട്ടന് ദമ്മാം വനിതാ അഭയകേന്ദ്രം മാനേജറുമായി സംസാരിക്കുകയും അദ്ദേഹത്തിന്റെ സഹായത്തോടെ ഫാത്തിമക്ക് ഫൈനല്‍ എക്സിറ്റ് അടിച്ചു കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് ഫാത്തിമ ജിദ്ദയില്‍നിന്ന് ദമ്മാമില്‍ എത്തി. മഞ്ജു മണിക്കുട്ടന്റെ വീട്ടില്‍ ഫാത്തിമക്ക് താല്‍ക്കാലിക താമസസൗകര്യവും നല്കി. മഞ്ജു മണിക്കുട്ടന്റെ അഭ്യര്‍ഥന മാനിച്ച് തൃശൂര്‍ നാട്ടുകൂട്ടം ഫാത്തിമക്ക് വിമാനടിക്കറ്റ് എടുത്തു കൊടുത്തു. കൂടാതെ, നവയുഗം പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പലരും നാട്ടിലേക്ക് കൊണ്ടുപോകാന്‍ സാധനങ്ങളും ബാഗും വാങ്ങിക്കൊടുത്തു. നിയമനടപടികള്‍ എല്ലാം പൂര്‍ത്തിയായപ്പോള്‍, നവയുഗം പ്രവര്‍ത്തകര്‍ അവരെ എയര്‍പോര്‍ട്ടില്‍ കൊണ്ടുപോയി യാത്രയാക്കി. വളരെയേറെ സന്തോഷത്തോടെ തന്നെ സഹായിച്ച എല്ലാവര്ക്കും നന്ദി പറഞ്ഞ് അവര്‍ യാത്രയായി.