ചിറ്റൂര്‍: കേരള-തമിഴ്നാട് അതിര്‍ത്തില്‍ ഗോപാലപുരത്ത് വെച്ച് 11 മില്ലി ഗ്രാം എല്‍.എസ്.ഡി സ്റ്റാമ്പും കഞ്ചാവും കൈവശം വെച്ചതിന് മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ രണ്ട് ആന്ധ്രാ സ്വദേശികള്‍ പിടിയിലായി. ചന്ദന നാഗേന്ദ്ര സായിതേജ (23), ബാനോത് അക്ഷയ് (23) എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. ഇരുവരും ആന്ധ്രയില്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്‍ജന്‍സി ചെയ്തു വരികയാണ്. ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി അതിര്‍ത്തിയില്‍ ചിറ്റൂര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ അശ്വിന് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് കഴിഞ്ഞ ദിവസം ഇവര്‍ പിടിയിലായത്. ഇരുവരും കൊടൈക്കനാല്‍ നിന്നും വയനാട് പോകുമ്പോഴാണ് പിടിയിലാവുന്നത്.
എക്സൈസ് ഇന്‍സ്പെക്ടര്‍ക്ക് പുറമെ പ്രിവന്റീവ് ഓഫീസര്‍ പി.പി. ബെന്നി, സിവില്‍ എക്സൈസ് ഓഫീസര്‍ കണ്ണന്, ഡ്രൈവര്‍ മുരളി മോഹന്‍ എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. ഇരുവരേയും കോടതിയില്‍ ഹാജരാക്കി. ചന്ദന നാഗേന്ദ്ര സായിതേജെയെ റിമാന്‍ഡ് ചെയ്യുകയും ബാനോത് അക്ഷയെ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു. ഇയാളുടെ പക്കല്‍ നിന്നും അഞ്ച് ഗ്രാം കഞ്ചാവാണ് കണ്ടെടുത്തിരുന്നത്.